യു എ ഇ: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പഠന രീതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

UAE

രാജ്യത്തെ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വര്‍ഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പഠനരീതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മാർച്ച് 18-നാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

ഇത്തരം തീരുമാനങ്ങൾ രാജ്യത്തെ ആ സന്ദർഭത്തിലെ ആരോഗ്യ സ്ഥിതിഗതികൾ അനുസരിച്ചായിരിക്കും കൈക്കൊള്ളുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ അടുത്ത അധ്യയന വര്‍ഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പഠനരീതിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തുന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്ന വേളയിൽ രാജ്യത്തെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതരത്തിൽ, അവരുടെ താല്‍പ്പര്യം കൂടി കണക്കിലെടുത്താകും തീരുമാനമെടുക്കുക എന്ന് മന്ത്രാലയം അറിയിച്ചു. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസവും, വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള വ്യക്തിഗത ക്ലാസുകളും സംയോജിപ്പിക്കുന്ന സമ്മിശ്ര പഠന സമ്പ്രദായമാണ് നിലവില്‍ യു എ ഇ പിന്തുടരുന്നത്.

WAM