അബുദാബി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഡിസംബർ 13-ന് ആരംഭിക്കും

featured GCC News

അൽ ദഫ്‌റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2024 ഡിസംബർ 13-ന് ആരംഭിക്കും.

സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനാകുന്ന കലാപരിപാടികൾ, മോട്ടോർസ്പോർട്സ് തുടങ്ങിയവ ഒത്തൊരുമിപ്പിച്ചാണ് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് ഒരുക്കുന്നത്.

‘ലിവ 2025’ എന്ന പേരിൽ നടക്കുന്ന മൂന്നാമത് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2024 ഡിസംബർ 13 മുതൽ 2025 ജനുവരി 4 വരെ നീണ്ട് നിൽക്കും. ഇതിന്റെ ഭാഗമായി റേസുകൾ, ഡ്രിഫ്റ്റിംഗ്, ഡൂൺ ബാഷിങ് തുടങ്ങിയ മത്സരങ്ങൾക്കൊപ്പം തത്സമയമുള്ള വിനോദപരിപാടികൾ, സാംസ്കാരികക്കാഴ്ചകൾ തുടങ്ങിയവയും അരങ്ങേറുന്നതാണ്.

അൽ ദഫ്‌റ മേഖലയിൽ സ്ഥിതി ചെയ്യുന്ന യു എ ഇയിലെ തന്നെ ഏറ്റവും വലിയ മണൽക്കൂനയായ താൽ മോരീബിന്റെ താഴ്വരയിലാണ് ഈ ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്.

മൂന്നാമത് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിലെ പ്രധാന പരിപാടികൾ:

  • ഡിസംബർ 13-14 തീയതികളിൽ – ഫ്രീസ്റ്റൈൽ ഡ്രിഫ്റ്റിംഗ്.
  • ഡിസംബർ 15 – ബഗ്ഗി ടോർക് ചാലഞ്ച്.
  • ഡിസംബർ 19 – ലിവ ബേൺ ഔട്ട് ചാലഞ്ച്.
  • ഡിസംബർ 21 – ലിവ ഡ്രിഫ്റ്റ് ചാംപ്യൻഷിപ്.
  • ഡിസംബർ 22 – ബൈക്ക് ഡ്രാഗ് റേസിംഗ്.
  • ഡിസംബർ 27-28 തീയതികളിൽ – മോൺസ്റ്റർ ജാം.
  • ഡിസംബർ 30-31 തീയതികളിൽ – കാർ സ്റ്റണ്ട് ചാംപ്യൻഷിപ്.
  • 2025 ജനുവരി 1 – ഇലട്രോണിൿ ഫ്രീസ്റ്റൈൽ ചാംപ്യൻഷിപ്.
  • ജനുവരി 2-4 വരെ – മോരീബ് ഡൂൺ കാർ ചാംപ്യൻഷിപ്.

അബുദാബി കൾച്ചർ ആൻഡ് ടൂറിസം, ലിവ സ്പോർട്സ് ക്ലബ്, അൽ ദഫ്‌റ മുനിസിപ്പാലിറ്റി, അബുദാബി പോലീസ്, മിറാൽ എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. പ്രാദേശികമായും, ആഗോളതലത്തിലും ശൈത്യകാലം ചെലവഴിക്കുന്നതിനായുള്ള മികച്ച ഒരു ഇടം എന്ന രീതിയിൽ അൽ ദഫ്‌റയുടെ പ്രാധാന്യം എടുത്ത് കാട്ടുന്നതാണ് ഈ മേള.