2017-ൽ ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം സന്ദർശകരെ ആകർഷിച്ച ലൂവ്രെ അബുദാബി സാംസ്കാരിക സംവാദത്തിലേക്കുള്ള ഒരു കവാടമാണ്. ഏകദേശം 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ മ്യൂസിയം അറബ് ലോകത്തെ ഇത്തരത്തിലുള്ള ആദ്യത്തെ ആഗോള മ്യൂസിയമാണ്.
പ്രശസ്ത ഫ്രഞ്ച് വാസ്തുശില്പിയായ ജീൻ നൂവൽ രൂപകൽപ്പന ചെയ്ത ഈ മ്യൂസിയം അബുദാബിയുടെ അഭിവൃദ്ധി പ്രാപിക്കുന്ന സാംസ്കാരികവും കലാപരവുമായ ആവാസവ്യവസ്ഥയെ മാതൃകയാക്കുന്നുവെന്ന് ലൂവ്രെ അബുദാബി ഡയറക്ടർ മാനുവൽ റബാറ്റെ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ ഒരു പ്രസ്താവനയിൽ പറഞ്ഞു. യു എ ഇയുടെ നിരവധി സാംസ്കാരിക നേട്ടങ്ങൾ ലൂവ്രെ പ്രതിഫലിപ്പിക്കുന്നുവെന്നും സാദിയാത്ത് സാംസ്കാരിക ജില്ലയെ ഈ മേഖലയിലെ ഒരു പ്രധാന സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൽ ഈ മ്യൂസിയം നിർണായക പങ്ക് വഹിക്കുന്നതായും റബാറ്റെ അഭിപ്രായപ്പെട്ടു.
ഈ വർഷം, വിവിധ സംസ്‌കാരങ്ങളിൽ നിന്നുള്ള 300-ലധികം കലാകാരന്മാരുടെ ആറായിരത്തോളം കലാസൃഷ്ടികൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചതായി ഡയറക്ടർ കൂട്ടിച്ചേർത്തു. ചരിത്രാതീത കാലം മുതൽ ആധുനിക കാലം വരെയുള്ള കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഈ കലാസൃഷ്ടികൾ, സന്ദർശകർക്ക് അർത്ഥവത്തായ സാംസ്കാരിക ബന്ധങ്ങൾ പര്യവേക്ഷണം ചെയ്യാനും ബൗദ്ധിക വിനിമയം പ്രോത്സാഹിപ്പിക്കാനും അവസരമൊരുക്കുന്നതായും, അദ്ദേഹം വ്യക്തമാക്കി.
‘കാർട്ടിയർ, ഇസ്ലാമിക് ഇൻസ്പിരേഷൻ ആൻഡ് മോഡേൺ ഡിസൈൻ’, ‘കലീല വാ ദിംന റ്റു ലാ ഫോണ്ടെയ്ൻ: ട്രാവലിംഗ് ത്രൂ ഫെബിൾസ്’ എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രദർശനങ്ങങ്ങൾക്ക് മ്യൂസിയം വേദിയായതായും റബാറ്റെ കൂട്ടിച്ചേർത്തു.
2017-ൽ തുറന്നതുമുതൽ അഞ്ച് ദശലക്ഷം സന്ദർശകരെയാണ് മ്യൂസിയം സ്വാഗതം ചെയ്തതെന്ന് ലൂവ്രെ അബുദാബി ഡയറക്ടർ അഭിപ്രായപ്പെട്ടു. ഇതിൽ 28 ശതമാനം യു എ ഇ പൗരന്മാരും നിവാസികളുമാണ്. ബാക്കി 72 ശതമാനം രാജ്യാന്തര സന്ദർശകരാണ്. റഷ്യ, ചൈന, ഇന്ത്യ, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, ഇറ്റലി, ജർമ്മനി, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും.
WAM