കഴിഞ്ഞ വർഷം 1.4 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചു

featured GCC News

2024-ൽ 1.4 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ലൂവർ അബുദാബി പ്രവർത്തനമാരംഭിച്ച ശേഷം ഒരു വർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സന്ദർശകരുടെ നിരക്കാണിത്. മ്യൂസിയം ആരംഭിച്ച ശേഷം ആകെ ആറ് ദശലക്ഷം സന്ദർശകർ എന്ന നേട്ടവും ലൂവർ അബുദാബി കൈവരിച്ചു.

2024-ൽ മ്യൂസിയത്തിലെത്തിയ 84 ശതമാനം സന്ദർശകരും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ലോകോത്തരനിലവാരത്തിലുള്ള പ്രദർശനങ്ങൾ, സന്ദർശകർക്കായൊരുക്കുന്ന ഏറ്റവും മികച്ച കാഴ്ചാനുഭവങ്ങൾ, മികച്ച അധ്യയന അനുഭവങ്ങൾ എന്നിവയ്ക്ക് അടിവരയിടുന്നതാണ് ഈ നേട്ടങ്ങൾ.

റഷ്യ, ചൈന, ഇന്ത്യ, ഫ്രാൻസ്, യു കെ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരാണ് ഇതിൽ ഏറ്റവും കൂടുതൽ. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക കേന്ദ്രം എന്ന നിലയിൽ ലൂവർ അബുദാബിയുടെ സ്ഥാനം രേഖപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.

2017-ലാണ് ലൂവർ അബുദാബി പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള കലാരചനകൾ, പ്രത്യേക എക്സിബിഷനുകൾ എന്നിവ കാണുന്നതിനും, മ്യൂസിയത്തിന്റെ അതിഗംഭീരമായ രൂപഭംഗി ആസ്വദിക്കുന്നതിനും എത്തുന്ന വ്യക്തികളുടെയും, കുടുംബങ്ങളുടെയും എണ്ണം ഓരോ വർഷവും കൂടി വരികയാണ്.