ഖത്തർ: ലുസൈൽ ട്രാം ശൃംഖലയിലെ ലുസൈൽ സെൻട്രൽ സ്റ്റേഷൻ ഏപ്രിൽ 9 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നു

GCC News

ലുസൈൽ ട്രാം ശൃംഖലയിലെ ഓറഞ്ച് ലൈനിലുള്ള ലുസൈൽ സെൻട്രൽ സ്റ്റേഷൻ 2022 ഏപ്രിൽ 9 മുതൽ യാത്രികർക്ക് തുറന്ന് കൊടുക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. 2022 ഏപ്രിൽ 8-നാണ് ഖത്തർ റെയിൽ ഇക്കാര്യം അറിയിച്ചത്.

ഓറഞ്ച് ലൈനിൽ നിലവിലുള്ള ആറ് സ്‌റ്റേഷനുകളിൽ നിന്നുള്ള സേവനങ്ങൾക്ക് പുറമെയാണ് ലുസൈൽ സെൻട്രൽ സ്റ്റേഷൻ യാത്രികർക്കായി തുറന്ന് കൊടുക്കുന്നത്. പണി പൂർത്തിയാകാനിരിക്കുന്ന പ്ലാസ വൻഡോം മാൾ, മേഖലയിലെ പാര്‍പ്പിടമേഖലകൾ തുടങ്ങിയ ഇടങ്ങളിലേക്ക് ട്രാം സേവനം നൽകുന്നതിന് ലുസൈൽ സെൻട്രൽ സ്റ്റേഷൻ സഹായകമായിരിക്കും.

ലുസൈൽ ട്രാം സർവീസിന്റെ ഓറഞ്ച് ലൈനിലെ ആറ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ആദ്യ ഘട്ടം 2022 ജനുവരി 1-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിരുന്നു. മറീന, മറീന പ്രോമിനേഡ്, യാച്ച് ക്ലബ്, എസ്പ്ലനേഡ്, എനർജി സിറ്റി സൗത്ത്, ലഖ്‌താഫിയ സ്റ്റേഷൻ എന്നീ ആറ് സ്റ്റേഷനുകളിലൂടെയാണ് ആദ്യ ഘട്ടത്തിൽ ലുസൈൽ ട്രാം സർവീസ് നടത്തിയിരുന്നത്.