സൗദി: മെയ് 3 മുതൽ വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ നിർബന്ധം

featured GCC News

രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ഉറപ്പാക്കുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധി 2021 മെയ് 3-ന് അവസാനിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് വ്യക്തമാക്കി. കുട്ടികളുള്ള സ്ത്രീകൾക്ക് ഇത്തരം വാണിജ്യ കേന്ദ്രങ്ങളിൽ സൗകര്യമായി തൊഴിലെടുക്കുന്നതിനുള്ള അവസരം നൽകുന്നതിനായാണ് 2020 നവംബറിൽ മന്ത്രാലയം ഇത്തരം ഒരു തീരുമാനം പ്രഖ്യാപിച്ചത്.

സൗദിയിലെ 40000 സ്‌ക്വയർ മീറ്ററിൽ കൂടുതൽ വലിപ്പമുള്ള മുഴുവൻ വാണിജ്യ കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും കുട്ടികൾക്കായുള്ള ഇത്തരം പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ഉറപ്പാക്കാൻ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ഈ തീരുമാനം നടപ്പിലാക്കുന്നതിനായി 2021 മെയ് 3 വരെ വാണിജ്യ കേന്ദ്രങ്ങൾക്ക് സമയം അനുവദിക്കുകയായിരുന്നു. പുരുഷന്മാർക്ക് മാത്രമുള്ള സാധനങ്ങൾ കച്ചവടം ചെയ്യുന്ന വാണിജ്യ കേന്ദ്രങ്ങൾക്ക് ഈ നിർദ്ദേശം ബാധകമല്ല.

കുട്ടികളുടെ പരിചരണത്തിനായുള്ള ഇത്തരം കേന്ദ്രങ്ങൾക്കായി ചുരുങ്ങിയത് 50 സ്‌ക്വയർ മീറ്ററെങ്കിലും മാറ്റിവെക്കുന്നതിനാണ് മന്ത്രാലയം വാണിജ്യ കേന്ദ്രങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. മെയ് 3-ന് ഈ സമയപരിധി അവസാനിക്കുന്നതിന് മുൻപായി ഇത്തരം പരിചരണ കേന്ദ്രങ്ങളുടെ നിർമ്മിതി പൂർത്തിയാക്കാൻ വാണിജ്യ കേന്ദ്രങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഈ തീരുമാനം നടപ്പിലാക്കാത്ത വാണിജ്യ കേന്ദ്രങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

പ്രവർത്തി സമയങ്ങളിൽ കുട്ടികളുടെ പരിചരണത്തിനും, മേൽനോട്ടത്തിനും ഇത്തരം കേന്ദ്രങ്ങളിൽ സൗകര്യം ലഭിക്കുന്നതോടെ, ചെറിയ കുട്ടികളുള്ള സ്ത്രീകൾക്ക് തൊഴിലെടുക്കുന്നതിനുള്ള പ്രതിബന്ധങ്ങൾ മാറുന്നതാണ്. നിലവിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് തങ്ങളുടെ തൊഴിൽ നിലനിർത്താനും, സൗദി സ്ത്രീകളെ പുതിയതായി തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാനും ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്.