അബുദാബി: പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും വീടുകളിലെത്തി COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനം ആരംഭിച്ചു

featured GCC News

എമിറേറ്റിലെ പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും വീടുകളിലെത്തി COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന സേവനം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. ഈ സേവനം സൗജന്യമായാണ് നൽകുന്നത്.

മാർച്ച് 25-ന് വൈകീട്ടാണ് SEHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന് കീഴിലുള്ള പബ്ലിക് ഹെൽത്ത് സെന്ററുമായി ചേർന്നാണ് SEHA ഈ സൗജന്യ സേവനം നൽകുന്നത്.

എമിറേറ്റിലെ പ്രായമായ നിവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ സേവനം. അബുദാബി നിവാസികൾക്ക് വീടുകളിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നതിനുള്ള ഈ സേവനം ലഭിക്കുന്നതിനായി 80050 എന്ന ടോൾ ഫ്രീ നമ്പറിൽ SEHA-യുമായി ബന്ധപ്പെടാവുന്നതാണ്. വാക്സിൻ നൽകുന്നതിനൊപ്പം പ്രായമായവരിൽ കൊറോണ വൈറസിനെതിരായ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം വളർത്തുന്നതിനും ഈ പരിപാടിയിലൂടെ SEHA ലക്ഷ്യമിടുന്നു.