ഒമാൻ: COVID-19 രോഗവ്യാപനം രൂക്ഷമാകുന്നു; ലോക്ക്ഡൌൺ ഉൾപ്പടെയുള്ള നടപടികൾ ആലോചിക്കുന്നതായി സുപ്രീം കമ്മിറ്റി

featured Oman

രാജ്യത്തെ COVID-19 വ്യാപനം വരും ദിനങ്ങളിൽ രൂക്ഷമാകാനിടയുള്ളതായി ആരോഗ്യ മേഖലയിലെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നതിനാൽ, ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള ദിനങ്ങൾ ഏറെ നിർണ്ണായകമാണെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി ചൂണ്ടിക്കാട്ടി. നിലവിലെ രോഗവ്യാപന സാഹചര്യം ആശങ്കയ്‌ക്കിടയാക്കുന്നതാണെന്നറിയിച്ച സുപ്രീം കമ്മിറ്റി, സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നത് തടയുന്നതിനായി, ആവശ്യമെങ്കിൽ സുരക്ഷാ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് 25-നാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമെങ്കിൽ ലോക്ക്ഡൌൺ തിരികെ ഏർപ്പെടുത്തുന്നതിനും, പൂർണ്ണമായുള്ള യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള സാധ്യത നിലനിൽക്കുന്നതായും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.

രാജ്യത്ത് ദിനംപ്രതി ഉയർന്ന് വരുന്ന COVID-19 രോഗബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. ദിനംപ്രതി തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം ഉയരുന്നതും, COVID-19 രോഗബാധിതരിലെ മരണനിരക്ക് ദിനംപ്രതി ഉയരുന്നതുമാണ് ഒമാനിൽ ആശങ്കകൾക്കിടയാക്കുന്നത്.

നിലവിലെ സാഹചര്യങ്ങളെ നേരിടുന്നതിനായി രാജ്യത്ത് 2021 മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല കർഫ്യു തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി അറിയിക്കുന്നതിനിടയിലാണ് സുപ്രീം കമ്മിറ്റി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെയുള്ള കാലയളവിൽ ദിനവും രാത്രി 8 മുതൽ പിറ്റേന്ന് പുലർച്ചെ 5 മണി വരെ രാജ്യത്ത് വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെയും, വാഹനങ്ങളുടെയും സഞ്ചാരം എന്നിവ അനുവദിക്കുന്നതല്ല.