രാജ്യത്തെ സ്റ്റേഡിയങ്ങളിലും, വിവിധ പരിപാടികൾ നടക്കുന്ന വലിയ ഹാളുകളിലും പ്രവേശിക്കുന്നവർ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ മുൻകരുതൽ നിബന്ധനകൾ നിർബന്ധമായും പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2021 നവംബർ 3-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മാസ്കുകൾ ഉപയോഗിക്കുന്നതിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ പൊതു പാർക്കുകൾ, നടപ്പാതകൾ തുടങ്ങിയ പൊതു ഇടങ്ങൾക്കാണ് ബാധകമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പാർക്കുകൾ, കാൽനടക്കാർക്കുള്ള നടപ്പാതകൾ തുടങ്ങിയ മേൽക്കൂരയില്ലാത്തതും, അതിരുകൾ ഇല്ലാത്തതുമായ ഇടങ്ങളെയാണ് തുറന്ന ഇടങ്ങളായി കണക്കാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കായിക സ്റ്റേഡിയം, അഞ്ഞൂറിൽ പരം ആളുകളെ ഉൾക്കൊള്ളിക്കാനാകുന്ന ഹാളുകൾ തുടങ്ങിയവ തുറന്ന ഇടങ്ങളായി കണക്കാക്കുന്നതല്ല.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം 6 മാസം പൂർത്തിയാക്കിയ വ്യക്തകളോട് ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാനും സൗദി അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക്, രാജ്യത്തെ തുറന്ന പൊതു ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കുന്നതിന് 2021 ഒക്ടോബർ 17 മുതൽ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു.