ഖത്തർ: സെപ്തംബർ 1 മുതൽ വിദ്യാലയങ്ങളിൽ മാസ്കുകൾ നിർബന്ധമല്ല

Qatar

2022 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റ് 31-ന് രാത്രിയാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ പൊതു ഇൻഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം 2022 സെപ്റ്റംബർ 1 മുതൽ പിൻവലിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങളിൽ മാസ്കുകൾ ഒഴിവാക്കുന്നത്.

ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം നൽകിയ അറിയിപ്പ് പ്രകാരം, സെപ്റ്റംബർ 1 മുതൽ രാജ്യത്തെ കിന്റർഗാർട്ടനുകൾ, പൊതു, സ്വകാര്യ സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ളത് ഒഴിവാക്കുന്നതാണ്. ഈ തീരുമാനം വിദ്യാർത്ഥികൾക്കും, അധ്യാപകർ ഉൾപ്പടെയുള്ള സ്‌കൂൾ ജീവനക്കാർക്കും ബാധകമാണ്.