ഒമാൻ: വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരുമെന്ന് സുപ്രീം കമ്മിറ്റി

GCC News

രാജ്യത്തെ പള്ളികളിലും, മറ്റു പൊതു ഇടങ്ങളിലും വലിയ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. റമദാനിലെ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് 2022 മാർച്ച് 29-ന് വൈകീട്ട് ഒമാൻ സുപ്രീം കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിൽ പള്ളികളിലും, ടെന്റുകളിലും വെച്ച് നടത്തുന്ന ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള ഇഫ്താർ വിരുന്നുകൾക്ക് ഈ വർഷവും അനുമതി ഉണ്ടായിരിക്കുന്നതല്ല. ഇതിന് പുറമെ താഴെ പറയുന്ന നിർദ്ദേശങ്ങളും സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്:

  • തറാവീഹ് നമസ്കാരത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണ്. തറാവീഹ് നമസ്കാരത്തിനെത്തുന്നവർ COVID-19 വാക്സിനെടുത്തിരിക്കണം. ഈ നിബന്ധന ഏർപ്പെടുത്തിയതോടെ വാക്സിനെടുക്കാത്തവർക്കും, 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും തറാവീഹ് നമസ്കാരത്തിനായി പള്ളികളിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കില്ല.
  • പ്രാദേശിക, അന്തർദേശീയ തലത്തിൽ ഒമാനിൽ സംഘടിപ്പിക്കുന്ന പരിപാടികൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവ 70 ശതമാനം ശേഷിയിൽ നിയന്ത്രിച്ചിരിക്കുന്നത് തുടരും.
  • ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, മറ്റു ഒത്ത് ചേരലുകൾ എന്നിവ ഒഴിവാക്കേണ്ടതാണ്.

ഈ വർഷത്തെ റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.