അബുദാബി: ഒക്ടോബർ 24 മുതൽ പാർക്കിംഗ് ടിക്കറ്റുകൾക്ക് പകരം ഇ-ടിക്കറ്റുകൾ ഏർപ്പെടുത്താൻ തീരുമാനം

UAE

2021 ഒക്ടോബർ 24, ഞായറാഴ്ച്ച മുതൽ കടലാസ് രൂപത്തിലുള്ള മവാഖിഫ് പാർക്കിംഗ് ടിക്കറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഇത്തരം കടലാസ് ടിക്കറ്റുകൾക്ക് പകരം SMS ഉപയോഗിച്ച് കൊണ്ടുള്ള ഇലക്ട്രോണിക് ടിക്കറ്റുകൾ ഏർപ്പെടുത്താനാണ് ITC തീരുമാനിച്ചിരിക്കുന്നത്.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, പാർക്കിംഗുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പരിശോധകർ ഡിജിറ്റൽ രൂപത്തിലുള്ള പാർക്കിംഗ് ടിക്കറ്റുകൾ ഉപയോഗിക്കുന്നതാണ്. നിയമം ലംഘിക്കുന്നവർക്ക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമടങ്ങിയ ഇ-ടിക്കറ്റുകൾ SMS മുഖേനെ ലഭിക്കുമെന്നും ITC വ്യക്തമാക്കി.

പാർക്കിംഗ് ലംഘനങ്ങളുമായി ബന്ധപ്പെട്ട ഇ-ടിക്കറ്റുകൾ കൃത്യമായി ലഭിക്കുന്നതിനായി ഉപഭോക്താക്കളോട് ITC-യിൽ നൽകിയിട്ടുള്ള തങ്ങളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

WAM