രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2026 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2026 മെയ് 31-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Labour Ministry announces summer midday work ban from 15 June to 31 Augusthttps://t.co/rVxSGVBi7C— Bahrain News Agency (@bna_en) May 31, 2026
ബഹ്‌റൈനിലെ തൊഴിൽ മേഖലയിൽ 2026 ജൂൺ 15 മുതൽ 2026 ഓഗസ്റ്റ് 31 15 വരെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ കാലയളവിൽ ദിനവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണിവരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിൽ, താപനിലയും ഈർപ്പവും ഗണ്യമായി ഉയരുമ്പോൾ, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുക, തൊഴിലാളികളെ സൂര്യാഘാതം, മറ്റ് വേനൽക്കാല സംബന്ധമായ ആരോഗ്യ അപകടങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുക, ജോലിസ്ഥലത്തെ അപകടങ്ങൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഈ തീരുമാനത്തിൽ വീഴ്ച വരുത്തുന്നവർക്ക് അഞ്ഞൂറ് മുതൽ ആയിരം ദിനാർ വരെ പിഴയായി ചുമത്തുന്നതാണ്. ഇതിന് പുറമെ നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കാവുന്നതാണ്.

