രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഇന്ന് (2022 ജൂൺ 15) മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) ആവർത്തിച്ചു. 2022 ജൂൺ 14-ന് വൈകീട്ടാണ് MoHRE ഈ അറിയിപ്പ് നൽകിയത്.
ഈ വർഷത്തെ വേനലിലെ മദ്ധ്യാഹ്ന ഇടവേള നിയന്ത്രണങ്ങൾ 2022 ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് MoHRE ജൂൺ 8-ന് പ്രഖ്യാപിച്ചിരുന്നു.
കെട്ടിടനിർമ്മാണമേഖലയുൾപ്പടെയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ഈ ഇടവേള 2022 ജൂൺ 15 മുതൽ 2022 സെപ്റ്റംബർ 15 വരെ നീണ്ട് നിൽക്കുന്നതാണ്. ഈ കാലയളവിൽ യു എ ഇയിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്.
തുടർച്ചയായി പതിനെട്ടാം വർഷമാണ് MoHRE പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള രാജ്യത്ത് നടപ്പിലാക്കുന്നത്. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും, വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ അവർക്ക് ഏൽക്കാനിടയുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമാണ് മദ്ധ്യാഹ്ന ഇടവേള ലക്ഷ്യമിടുന്നത്.