കുവൈറ്റ്: ജൂൺ 1 മുതൽ പുറം തൊഴിലിടങ്ങളിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും

GCC News

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. മെയ് 30, ഞായറാഴ്ച്ചയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് നിലവിലുള്ള ‘535/2015’ എന്ന ഔദ്യോഗിക തീരുമാന പ്രകാരമാണ് ഈ നടപടി.

ഈ തീരുമാന പ്രകാരം, ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കുവൈറ്റിലെ ഇത്തരം തൊഴിലിടങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 4 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും, ഇത്തരം വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനകൾ നടത്തുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ അഹ്‌മദ്‌ അൽ മൗസ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി അതോറിറ്റിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്തുന്നതാണ്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 1 മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അതോറിറ്റിയിലെ സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Photo: Kuwait News Agency.