സൗദി: 40 ശതമാനം പേർ ഏറ്റവും കുറഞ്ഞത്‌ ഒരു ഡോസ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നാല്പത് ശതമാനം പേർ ഏറ്റവും കുറഞ്ഞത്‌ ഒരു ഡോസ് വാക്സിൻ കുത്തിവെപ്പെങ്കിലും പൂർത്തിയാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഇതുവരെ 14 ദശലക്ഷതിലധികം ഡോസ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 587-ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് ഈ കുത്തിവെപ്പുകൾ നൽകുന്നത്.

“ഇതുവരെ രാജ്യത്ത് നൂറിൽ നാല്പത് പേർ എന്ന നിരക്കിൽ COVID-19 വാക്സിനിന്റെ ഏറ്റവും കുറഞ്ഞത്‌ ഒരു ഡോസ് കുത്തിവെപ്പെങ്കിലും പൂർത്തിയാക്കിയിട്ടുണ്ട്.”, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പകർച്ച വ്യാധി വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അസിറി ട്വിറ്ററിലൂടെ വ്യക്തമാക്കി.

രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, നിലവിൽ സാധ്യതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും COVID-19 വാക്സിൻ ലഭ്യമാണെന്നും മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലിയാണ് ഇക്കാര്യം അറിയിച്ചത്.

സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് പോലെ COVID-19 എന്നത് ഒരു നിസാര രോഗമല്ലെന്നും, ശ്രദ്ധപുലർത്തിയില്ലെങ്കിൽ അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് നയിക്കാവുന്ന രോഗമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു.