രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2023 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2023 മെയ് 23-ന് വൈകീട്ടാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വേനൽ ചൂട് രൂക്ഷമാകുന്ന മാസങ്ങളിൽ നടപ്പിലാക്കുന്ന ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2023 ജൂൺ 1 മുതൽ ഓഗസ്റ്റ് മാസം അവസാനം വരെ നീണ്ട് നിൽക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ കാലയളവിൽ ഒമാനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ദിനവും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണെന്ന് മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. ‘286/2008’ എന്ന മന്ത്രിസഭാ ഉത്തരവിലെ ആർട്ടിക്കിൾ 16 പ്രകാരം വേനൽമാസങ്ങളിൽ സൂര്യതപം ഏൽക്കാനിടയുള്ള സമയങ്ങളിൽ തൊഴിലാളികൾ തുറന്ന ഇടങ്ങളിൽ ജോലിചെയ്യുന്നത് ഒമാൻ നിരോധിച്ചിട്ടുണ്ട്.
പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച് കഴിഞ്ഞ ആഴ്ചകളിൽ ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Cover Image: Oman Ministry of Labor.