രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 മെയ് 27-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ കാലയളവിൽ ഒമാനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ദിനവും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തനങ്ങൾ നിർബന്ധമായും നിർത്തിവെക്കേണ്ടതാണെന്ന് മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്.
വേനൽ ചൂട് രൂക്ഷമാകുന്ന മാസങ്ങളിൽ നടപ്പിലാക്കുന്ന ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 1 മുതൽ ഓഗസ്റ്റ് മാസം അവസാനം വരെ നീണ്ട് നിൽക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
‘286/2008’ എന്ന മന്ത്രിസഭാ ഉത്തരവിലെ ആർട്ടിക്കിൾ 16 പ്രകാരം വേനൽമാസങ്ങളിൽ സൂര്യതപം ഏൽക്കാനിടയുള്ള സമയങ്ങളിൽ തൊഴിലാളികൾ തുറന്ന ഇടങ്ങളിൽ ജോലിചെയ്യുന്നത് ഒമാൻ നിരോധിച്ചിട്ടുണ്ട്.
Cover Image: Oman Ministry of Labor.