യു എ ഇ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തും

featured GCC News

രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. 2022 ഡിസംബർ 29-നാണ് MOHRE ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്.

ഏറ്റവും ചുരുങ്ങിയത് അമ്പത് ജീവനക്കാരെങ്കിലുമുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, 2023 ജനുവരി 1-ന് മുൻപായി, തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ എണ്ണത്തിൽ 2 ശതമാനം വർദ്ധനവ് നടപ്പിലാക്കിയിരിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കാണ് MOHRE പിഴ ചുമത്തുന്നത്. 2022 അവസാനിക്കുന്നതിന് മുൻപായി വ്യവസ്ഥകൾ നടപ്പിലാക്കാത്ത ഇത്തരം സ്ഥാപനങ്ങളിൽ, നിയമിക്കപ്പെടാത്ത ഓരോ എമിറാത്തി ജീവനക്കാരനും, 2023-ൽ, വാർഷികാടിസ്ഥാനത്തിൽ 72000 ദിർഹം (മാസം തോറും 6000 ദിർഹം) എന്ന രീതിയിലാണ് ഈ പിഴ കണക്കാക്കുന്നത്.

2026 വരെയുള്ള കാലയളവിൽ ഓരോ വർഷവും പ്രതിമാസ പിഴ തുകയിൽ 1000 ദിർഹത്തിന്റെ വർദ്ധനവ് ഉണ്ടാകുമെന്നും MOHRE അറിയിച്ചിട്ടുണ്ട്. ഇതോടെ ഇത്തരം സ്ഥാപനങ്ങളിൽ നിയമിക്കപ്പെടാത്ത ഓരോ എമിറാത്തി ജീവനക്കാരനും പ്രതിമാസ പിഴത്തുക 2024-ൽ 7000 ദിർഹവും (വാർഷികാടിസ്ഥാനത്തിൽ 84000 ദിർഹം), 2025-ൽ 8000 ദിർഹവുമായി (വാർഷികാടിസ്ഥാനത്തിൽ 96000 ദിർഹം) ഉയരുന്നതാണ്.

ഈ നിബന്ധനകൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനി അമ്പത് ദിവസത്തെ കാലയളവ് മാത്രമാണ് ശേഷിക്കുന്നതെന്ന് MOHRE 2022 നവംബർ 11-ന് ഓർമ്മപ്പെടുത്തിയിരുന്നു.