പുതുവർഷാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അബുദാബി പോലീസ്

featured UAE

പുതുവർഷ വേളയിലെ എമിറേറ്റിലെ ആഘോഷപരിപാടികൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും, ഇതിനായി ഒരു പ്രത്യേക സുരക്ഷാ പദ്ധതി തയ്യാറാക്കിയതായും അബുദാബി പോലീസ് അറിയിച്ചു. ഗതാഗത തടസങ്ങൾ ഒഴിവാക്കുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ആവശ്യമായ നടപടികൾ എമിറേറ്റിന്റെ എല്ലാ മേഖലകളിലും കൈക്കൊണ്ടതായും പോലീസ് കൂട്ടിച്ചേർത്തു.

ഈ സുരക്ഷാ പദ്ധതിയുടെ ഭാഗമായി, അബുദാബിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ പുതുവർഷാഘോഷങ്ങളുടെ വേളയിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതാണെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ ജനറൽ അഹ്‌മദ്‌ സൈഫ് ബിൻ സൈത്തൂൻ അൽ മുഹൈരി അറിയിച്ചു.

പുതുവർഷാഘോഷങ്ങളുടെ വേളയിൽ റോഡിൽ ജാഗ്രത പുലർത്താനും, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും, അമിതവേഗത ഒഴിവാക്കാനും പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാനും, മുന്നിലെ വാഹനത്തിൽ നിന്ന് ആവശ്യമായ സുരക്ഷിത അകലം പാലിക്കാനും പോലീസ് ആഹ്വാനം ചെയ്തു.

Cover Image: Abu Dhabi Police.