യു എ ഇ: ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ MoHRE നിർദ്ദേശം നൽകി

featured GCC News

രാജ്യത്ത് ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താനും, ഇതിനായി അനധികൃത തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ പേജുകളെ ആശ്രയിക്കരുതെന്നും യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി. 2023 മാർച്ച് 14-ന് വൈകീട്ടാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിനായി രാജ്യത്തെ സ്ഥാപനങ്ങളും, പൗരന്മാരും, പ്രവാസികളും MoHRE അംഗീകാരം നൽകിയിട്ടുള്ള റിക്രൂട്ട്മെന്റ് ഏജൻസികളുമായി മാത്രം ബന്ധപ്പെടണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിൽ റമദാൻ മാസത്തിൽ സാധാരണയായി കണ്ട് വരുന്ന വർദ്ധനവ് കണക്കിലെടുത്താണ് MoHRE ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഗാർഹിക ജീവനക്കാരെ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുകൊണ്ട് വിശ്വാസയോഗ്യമല്ലാത്ത സോഷ്യൽ മീഡിയ അകൗണ്ടുകളിലൂടെയും, പേജുകളിലൂടെയും ഇത്തരം തൊഴിലുകൾ സംബന്ധിച്ച പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ഈ കാലയളവിൽ സാധാരണയാണെന്നും MoHRE വ്യക്തമാക്കി. ഇത്തരം വിശ്വാസയോഗ്യമല്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികളുമായി ഇടപാടുകൾ നടത്തുന്ന അവസരത്തിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങളും, സാമൂഹിക, ആരോഗ്യ അപകടസാധ്യതകളും MoHRE ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

MoHRE-യുടെ ഔദ്യോഗിക അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി ഗാർഹിക ജീവനക്കാരെ നിയമിക്കുന്നവർ, ഇത്തരം അനധികൃത ജീവനക്കാർക്ക് ആരോഗ്യ പരിശോധനകളും മറ്റും ഇല്ലാത്തതിനാൽ, സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള അപകടസാധ്യതകൾ വിളിച്ച് വരുത്താനുള്ള സാധ്യതയുണ്ടെന്നും, ഇത്തരം അനധികൃത ഗാർഹിക ജീവനക്കാർ നിയമലംഘനങ്ങൾ നടത്തിയ വ്യക്തികൾ ആയിരിക്കാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവർത്തിക്കുന്ന ഏജൻസികളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനായി ഉപഭോക്താക്കൾക്ക് 600590000 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.

WAM