എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ 1.4 ദശലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. 2022 മാർച്ച് 13-നാണ് ഇന്ത്യൻ പവലിയൻ അധികൃതർ ഇക്കാര്യം അറിയിച്ചത്.
“ഇന്ത്യൻ പവലിയൻ സന്ദർശകരുടെ എണ്ണം 1.4 ദശലക്ഷം പിന്നിട്ടതായ വിവരം അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. എക്സ്പോ 2020 ദുബായ് വേദിയിലെ ഇതുവരെയുള്ള ദിനങ്ങൾ തീർത്തും ആനന്ദപ്രദമായ ഒരു അനുഭവമായിരുന്നു. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു”, എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. വിവിധ വർണ്ണങ്ങളിലുള്ള 600 ബ്ലോക്കുകളാൽ നവീനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ചലിക്കുന്ന മുഖപ്പ് ഇന്ത്യൻ പവലിയന്റെ പ്രത്യേകതയാണ്.