അബുദാബി: COVID-19 വാക്‌സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിനായുള്ള രജിസ്റ്ററേഷൻ 10000 കടന്നു

GCC News

എമിറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഇതുവരെ 10000-ത്തിൽ പരം സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. 20-ൽ പരം രാജ്യങ്ങളിൽ നിന്നുള്ളവർ ഈ വാക്സിൻ പരീക്ഷണങ്ങൾക്ക് സന്നദ്ധരായിട്ടുണ്ട്.

ഇത്തരത്തിൽ വാക്‌സിൻ പരീക്ഷണങ്ങൾക്കായി സന്നദ്ധരായവരെ 42 ദിവസം നീണ്ട് നിൽക്കുന്ന തീവ്രമായ ആരോഗ്യ നിരീക്ഷണ നടപടികൾക്ക് വിധേയരാക്കുമെന്നും DoH വ്യക്തമാക്കി. ഇത്തരം സന്നദ്ധസേവകർ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 17 തവണയെങ്കിലും അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതായുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈ പകുതിയോടെ അബുദാബിയിൽ ആരംഭിച്ചിരുന്നു. ഈ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുകയുണ്ടായി.

അബുദാബി ഹെൽത്ത് സർവീസസ്, SEHA-യിലെ ആരോഗ്യ പരിശീലകരാണ് ഈ ക്ലിനിക്കൽ ട്രയലുകൾ നടത്തുന്നത്. 200-ൽ പരം രാജ്യങ്ങളിൽ നിന്നുള്ളവർ നിവാസികളായിട്ടുള്ള രാജ്യമാണെന്നത് നൽകുന്ന, നരവംശപരമായ വൈവിധ്യം യു എ ഇയിൽ നടക്കുന്ന വാക്സിൻ പരീക്ഷണങ്ങൾക്ക് കൂടുതൽ ശക്തി നൽകും.

വാക്സിൻ പരീക്ഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധസേവകർക്ക് 4humanity.ae എന്ന വിലാസത്തിൽ തങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. നിലവിൽ അബുദാബിയിലോ, അൽ ഐനിലോ താമസിക്കുന്ന 18-നും 60-നും ഇടയിൽ പ്രായമുള്ള ഏതു രാജ്യക്കാർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരും, പൂർണ്ണമായി ആരോഗ്യവാന്‍മാരുമായവരിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്. സന്നദ്ധ അറിയിക്കുന്നവരെ വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമായിരിക്കും വാക്സിൻ പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുക്കുക. 02 819 1111 എന്ന പ്രത്യേക ഹോട്ട് ലൈൻ സംവിധാനവും ഇതിനായി ഒരുക്കിയിട്ടുണ്ട്.