അബുദാബി: രണ്ടര ലക്ഷത്തിലധികം പേർ എട്ടാമത്‌ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സന്ദർശിച്ചു

GCC News

അബുദാബിയിലെ മൂന്ന് ഇടങ്ങളിലായി നടന്ന എട്ടാമത്‌ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിൽ ആകെ 259,000-ൽ പരം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. 2025 ജനുവരി 7-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ എട്ടാമത് പതിപ്പ് 2024 നവംബർ 28 മുതൽ ഡിസംബർ 31 വരെ മൂന്ന് വേദികളിലായാണ് സംഘടിപ്പിച്ചത്. മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയായിരുന്നു ഇത്തവണത്തേത്.

അൽ ദഫ്‌റയിലെ അൽ മുഗേയ്രാഹ് ബേ, അൽ ഐൻ, അബുദാബി കോർണിഷ് എന്നിവിടങ്ങളിൽ വെച്ചായിരുന്നു എട്ടാമത്‌ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ‘ഔട്ട് ഓഫ് ദിസ് വേൾഡ്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഈ മേള ഒരുക്കിയത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് (DCT) ഈ മേള സംഘടിപ്പിക്കുന്നത്. യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ.