കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കുവൈറ്റിലെ തൊഴിൽ മേഖലയിൽ നിന്ന് ഏതാണ്ട് 27200 പ്രവാസികൾ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ മടങ്ങിയതായി അധികൃതർ അറിയിച്ചു. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നൽകുന്ന കണക്കുകൾ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2021 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2022 മാർച്ച് മാസം അവസാനത്തോടെ ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ തങ്ങളുടെ തൊഴിലുകൾ ഉപേക്ഷിച്ച് കൊണ്ട് രാജ്യത്ത് നിന്ന് തിരികെ മടങ്ങിയതായി വ്യക്തമാകുന്നു. 2021 ഡിസംബറിൽ 1479545 പ്രവാസി തൊഴിലാളികളാണ് കുവൈറ്റിലെ തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നത്. 2022 മാർച്ച് മാസത്തിൽ ഇത് 1452344 ആയി കുറഞ്ഞിട്ടുണ്ട്.
ഈജിപ്തിൽ നിന്നുള്ള പ്രവാസികളാണ് കുവൈറ്റിലെ തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതലായുള്ളത്. ഇന്ത്യക്കാർ രണ്ടാമതും, ബംഗ്ലാദേശിൽ നിന്നുള്ളവർ മൂന്നാം സ്ഥാനത്തും തുടരുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.