ഷാർജ: മെയ് മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠനം, റിമോട്ട് വർക്ക് എന്നിവ പ്രഖ്യാപിച്ചു

GCC News

എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠന രീതി ഏർപ്പെടുത്തിയതായി ഷാർജ അധികൃതർ അറിയിച്ചു. ഷാർജയിലെ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് വിഭാഗമാണ് ഈ തീരുമാനം അറിയിച്ചത്.

കാലാവസ്ഥ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് മെയ് 2, വ്യാഴം, മെയ് 3, വെള്ളി ദിവസങ്ങളിൽ എമിറേറ്റിലെ എല്ലാ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര പഠന സംവിധാനം ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതേ ദിവസങ്ങളിൽ എമിറേറ്റിലെ സർക്കാർ മേഖലയിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താനും ഷാർജ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം, ഷാർജ സർക്കാർ വകുപ്പുകളിലെ അവശ്യ ജോലികൾ ഒഴികെയുള്ള എല്ലാ ജീവനക്കാരോടും റിമോട്ട് വർക്ക് സംവിധാനം ഉപയോഗപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഷാർജ സ്‌പോർട്‌സ് കൗൺസിൽ ഈ ദിവസങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന എല്ലാ കായിക മത്സരങ്ങളും റദ്ദാക്കുകയും എല്ലാ പാർക്കുകളും അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്‌.