ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ മത്സരങ്ങൾ കാണുന്നതിനായി 3404252 കാണികൾ സ്റ്റേഡിയങ്ങളിലെത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ടൂർണമെന്റ്റ് ആരംഭിച്ച 2022 നവംബർ 20 മുതൽ ഫൈനൽ മത്സരം വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
ഡിസംബർ 18-ന് നടന്ന അർജന്റീന – ഫ്രാൻസ് മത്സരം കാണുന്നതിനായി 88966 പേരാണ് ലുസൈൽ സ്റ്റേഡിയത്തിലെത്തിയത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ, ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന അർജന്റീന – മെക്സിക്കോ മത്സരം കാണുന്നതിനും 88996 പേർ എത്തിയിരുന്നു.
ഖത്തർ ലോകകപ്പിലെ പ്രീ-ക്വാർട്ടർ മത്സരങ്ങൾ കാണുന്നതിനായി 411609 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. ക്വാർട്ടർ മത്സരങ്ങൾ കാണുന്നതിനായി 245221 കാണികളും, സെമി-ഫൈനൽ മത്സരങ്ങൾക്ക് 157260 കാണികളും സ്റ്റേഡിയത്തിലെത്തി. അർജന്റീന – ക്രൊയേഷ്യ സെമി മത്സരത്തിന് 88966 കാണികളും, ഫ്രാൻസ് – മൊറോക്കോ മത്സരത്തിന് 68294 കാണികളും സ്റ്റേഡിയത്തിലെത്തി.
ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി നടന്ന മൊറോക്കോ – ക്രൊയേഷ്യ മത്സരം കാണുന്നതിനായി ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 44137 പേരാണ് എത്തിയത്.
ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ 48 മത്സരങ്ങൾ കാണുന്നതിനായി ഏതാണ്ട് 2.45 ദശലക്ഷത്തിലധികം കാണികൾ എത്തിയതായി 2022 ഡിസംബർ 3-ന് നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെ ഫിഫ അറിയിച്ചിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കാണാനെത്തിയ കാണികളുടെ എണ്ണം 2018-ലെ റഷ്യൻ ലോകകപ്പിലേക്കാൾ കൂടുതലാണെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. 2018-ലെ റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കെത്തിയ കാണികളുടെ എണ്ണം 2.17 ദശലക്ഷമായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ സ്റ്റേഡിയത്തിലെത്തിയ കാണികളുടെ എണ്ണം കണക്കാക്കുന്ന പട്ടികയിൽ ഖത്തർ ലോകകപ്പ് മൂന്നാം സ്ഥാനം നേടി. 1994-ലെ യു എസ് എ വേൾഡ് കപ്പ് കാണുന്നതിനായി 3587538 കാണികളാണ് സ്റ്റേഡിയങ്ങളിലെത്തിയത്. 2014-ലെ ബ്രസീൽ വേൾഡ് കപ്പ് 3429873 കാണികളുടെ പങ്കാളിത്തം രേഖപ്പെടുത്തി.
Cover Image: Qatar News Agency.