ഒമാൻ: സ്വകാര്യ മേഖലയിൽ എണ്ണായിരത്തോളം പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിച്ചതായി തൊഴിൽ മന്ത്രാലയം

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിൽ 8562 പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 2021 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തെ കണക്കുകൾ പ്രകാരമാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാൻ പൗരന്മാർക്കായി രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഈ ഒമ്പത് മാസങ്ങൾക്കിടയിൽ മുപ്പത്തയ്യായിരത്തിൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും തൊഴിൽ മന്ത്രാലയം കൂട്ടിച്ചേർത്തു. 2021 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 35344 ഒമാൻ പൗരന്മാർക്ക് തൊഴിൽ നൽകിയതായാണ് മന്ത്രാലയം വെളിപ്പെടുത്തിയത്.

ഇതിൽ 19535 തൊഴിലവസരങ്ങൾ ഒമാൻ സർക്കാർ വകുപ്പുകളിലാണ് നൽകിയിരിക്കുന്നത്. ഒമാനിലെ സ്വകാര്യ മേഖലയിൽ 2021 ജനുവരി മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ 28081 പുതിയ തൊഴിൽ കരാറുകൾ റജിസ്റ്റർ ചെയ്തതായും മന്ത്രാലയം അറിയിച്ചു. ഇതിൽ 8562 പേർ ഒമാൻ പൗരന്മാരാണ്. ഒമാനിലെ സ്വകാര്യ മേഖലയിൽ പ്രവാസികളുടെ എണ്ണത്തിൽ 7.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായാണ് ഈ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.

2020 സെപ്റ്റംബർ അവസാനം ഒമാനിൽ ആകെ 1449406 പ്രവാസി തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. ഈ വർഷം സെപ്റ്റംബർ അവസാനത്തെ കണക്കുകൾ പ്രകാരം പ്രവാസി തൊഴിലാളികളുടെ എണ്ണം 1339136-ലെത്തിയിട്ടുണ്ട്.