ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏതാണ്ട് അഞ്ച് ലക്ഷത്തോളം സന്ദർശകർ എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എക്സ്പോ വേദി സന്ദർശിച്ച ഏതാണ്ട് 30 ശതമാനത്തോളം പേർ സൗദി പവലിയൻ സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച പവലിയൻ എന്ന നേട്ടം സൗദി പവലിയൻ കരസ്ഥമാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എക്സ്പോ 2020 ദുബായ് വേദിയിലെ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് സൗദി പവലിയൻ സ്ഥിതിചെയ്യുന്നത്.
13059 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൗദി പവലിയൻ, എക്സ്പോ 2020 ദുബായ് വേദിയിലെ രണ്ടാമത്തെ വലിയ പവലിയനാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും, അതിന്റെ നൂതനവും ഗുണപരവുമായ പദ്ധതികളെക്കുറിച്ചും അറിയിക്കുകയും, ജനങ്ങൾക്ക് സമൃദ്ധവും സുസ്ഥിരവുമായ ഭാവി കൈവരിക്കാനുള്ള അതിരറ്റ അഭിലാഷം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.
സൗദി ജനത, പ്രകൃതി, പൈതൃകം, അവസരങ്ങൾ എന്നിങ്ങനെ നാല് പ്രധാന സ്തംഭങ്ങളിലൂടെ സന്ദർശകർക്ക് രാജ്യത്തെ അടുത്തറിയാൻ ഈ പവലിയനിലൂടെ സാധിക്കുന്നതാണ്. ഭൂമിക്ക് മുകളിൽ ആറ് നിലകളിൽ ഉയർന്ന് നിൽക്കുന്ന ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ സൗദിയുടെ പുരാതന സംസ്കാരവും, പൈതൃകവും, അതിന്റെ പ്രകൃതിദൃശ്യത്തിന്റെ അത്ഭുതങ്ങളും, അതിന്റെ വർത്തമാന, ഭാവി അഭിലാഷങ്ങൾ തേടിയുള്ള ദ്രുതഗതിയിലുള്ള സഞ്ചാരവും അനുഭവവേദ്യമാക്കുന്നു.
Cover Image: Saudi Press Agency.