COVID-19 വ്യാപന സാഹചര്യത്തിൽ, ഏതാണ്ട് മൂന്ന് മാസത്തോളമായി മക്ക നഗരത്തിൽ അടഞ്ഞുകിടക്കുന്ന 1500-ൽ പരം പള്ളികൾ ജൂൺ 21, ഞായറാഴ്ച്ച മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചു. കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇത് സംബന്ധിച്ച നടപടികൾ നടപ്പിലാക്കിയിട്ടുള്ളത്.
മെയ് അവസാനം മുതൽ, ജനജീവിതം സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരുന്നതിന്റെ ഭാഗമായി, രാജ്യത്തുടനീളം പള്ളികൾ പ്രാർത്ഥനകൾക്കായി തുറന്നെങ്കിലും, മക്കയിൽ നിയന്ത്രണങ്ങൾ തുടരുകയായിരുന്നു. കൊറോണ വൈറസ് ബാധയിൽ വർദ്ധനവ് അനുഭവപ്പെട്ട ജിദ്ദയിൽ, ജൂൺ 6 മുതൽ ജൂൺ 20 വരെ പള്ളികളിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം പിന്നീട് തീരുമാനിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച്ച മുതൽ ഏതാണ്ട് 1560-തോളം പള്ളികളാണ് മക്കയിൽ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കുന്നത്. ഫജ്ർ നമസ്കാര സമയം മുതൽ ഈ പള്ളികളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുമെന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പള്ളികളിലെല്ലാം അണുനശീകരണം നടത്തുകയും, സമൂഹ അകലം പാലിക്കുന്നതിനുള്ള അടയാളങ്ങൾ സ്ഥാപിക്കുന്നതുൾപ്പടെയുള്ള ഒരുക്കങ്ങൾ മിനിസ്ട്രി ഓഫ് ഇസ്ലാമിക്ക് അഫയേഴ്സിന് കീഴിൽ പൂർത്തിയാക്കിയിട്ടുണ്ട്. സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനായി ഓരോ പള്ളികളിലും പ്രത്യേക സന്നദ്ധസേവകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.