മസ്കറ്റ് ഗവർണറേറ്റിൽ ലോഹ അവശിഷ്ടങ്ങള്‍, വ്യാവസായിക അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിക്കുന്നതും, അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവർത്തികളെ വ്യവസ്ഥപ്പെടുത്തിക്കൊണ്ട് മസ്കറ്റ് ഗവർണർ H.E. സയ്യിദ് സൗദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി ഒരു ഉത്തരവ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ ഉത്തരവ് പ്രകാരം, ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരം ലൈസൻസുകൾ നിബന്ധനകൾക്ക് വിധേയമായി കൃത്യമായ കാലാവധിയിൽ പുതുക്കേണ്ടതാണ്.
അധികൃതരിൽ നിന്ന് ലൈസൻസ് നേടിയിട്ടുള്ളവർക്ക് മാത്രമാണ് മസ്കറ്റ് ഗവർണറേറ്റിലെ ഇൻഡസ്ട്രിയൽ മേഖലകളിൽ നിന്ന് ലോഹ അവശിഷ്ടങ്ങള്‍, വ്യാവസായിക അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിക്കുന്നതിന് അനുമതി നൽകുന്നത്. ഇത്തരം ലൈസൻസുകൾ നേടുന്നവർ, അവ മറ്റൊരാൾക്ക് കൈമാറുന്നതിന് അനുമതി ഉണ്ടായിരിക്കില്ല.
വ്യാവസായിക മേഖലകൾക്ക് പുറത്തോ, പാർപ്പിട മേഖലകളിൽ നിന്നോ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിന് ഇവർക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല. സ്രോതസ്സിനെക്കുറിച്ച് അറിവില്ലാതെ ലഭിക്കുന്ന ലോഹ, വ്യാവസായിക അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.