വാഹനങ്ങളിൽ തെരുവോര കച്ചവട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഏതാനം പ്രത്യേക നിബന്ധനകൾ ബാധകമാക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2023 മാർച്ച് 26-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, മസ്കറ്റിൽ ഉന്തുവണ്ടികളിലും, വാഹനങ്ങളിലും മറ്റും കച്ചവടം ചെയ്യുന്നവർക്ക് ഏതാനം നിബന്ധനകൾ ഏർപ്പെടുത്തുന്നതാണ്. മസ്കറ്റിലെ ഇത്തരം വാണിജ്യ പ്രവർത്തനങ്ങൾ നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിബന്ധനകളാണ് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്:
- മസ്കറ്റ് ഗവർണറേറ്റിൽ ഇത്തരം വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള അനുമതി ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തുന്നതാണ്. ഇത്തരം വാണിജ്യ പ്രവർത്തനങ്ങൾക്കായി പ്രവാസികളെ നിയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തും.
- വാഹനങ്ങളിൽ തെരുവോര കച്ചവടപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇതിനായി ഓരോ വിലായത്തിലെയും മുനിസിപ്പൽ അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതി നിർബന്ധമാക്കുന്നതാണ്. അധികൃതരിൽ നിന്നുള്ള അനുമതി ലഭിക്കുന്നവർക്ക് മാത്രമാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അനുവാദമുണ്ടായിരിക്കുക.
- ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള ലൈസൻസ് ലഭിച്ചിട്ടുളളവർ ഇവർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷ സംബന്ധിച്ച നിബന്ധനകൾ പാലിക്കേണ്ടതാണ്.
- മസ്കറ്റിൽ ഉന്തുവണ്ടികളിലും മറ്റും കച്ചവടം ചെയ്യുന്നവർക്ക് ഇതിനായി പ്രത്യേക ഇടങ്ങൾ അനുവദിക്കുന്നതാണ്.