2023 സെപ്റ്റംബർ 16, ശനിയാഴ്ച മുതൽ നാല് മാസത്തേക്ക് അൽ ജബൽ സ്ട്രീറ്റ് അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അഖ്ബാത് ബൗഷർ മുതൽ അമീറത് വരെയുള്ള ഈ റോഡിൽ അമീറത്തിൽ നിന്ന് ബൗഷറിലേക്ക് വരുന്ന ദിശയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ കാലയളവിൽ ഗതാഗതത്തിരക്കേറിയ രാവിലെ 5 മുതൽ രാവിലെ 9 വരെയുള്ള സമയങ്ങളിൽ മാത്രം ഒരു വരിയിലൂടെ ട്രാഫിക് അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർക്ക് വാദി അദൈ റോഡ് ഉപയോഗിക്കാവുന്നതാണ്.