കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 5000 റിയാൽവരെ പിഴ ചുമത്തുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2023 മാർച്ച് 8-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
നിബന്ധനകൾ പാലിക്കാതെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്ക് അമ്പത് റിയാൽ മുതൽ അയ്യായിരം റിയാൽ വരെ പിഴയും, 24 മണിക്കൂർ മുതൽ ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.
പ്രാദേശിക നിയമം ’92/23′ ആർട്ടിക്കിൾ 32 പ്രകാരമാണ് ഇത്തരം ശിക്ഷാ നടപടികൾ. ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിനായി കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കേണ്ടതാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്:
- കെട്ടിടങ്ങളിലൂടെ ബാൽക്കണിയിൽ ഉണക്കാനിടുന്ന വസ്ത്രങ്ങൾ പുറത്ത് നിന്ന് കാണുന്നത് ഒഴിവാക്കുന്നതിനായി അവയെ മറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് നിർബന്ധമാണ്. ഇത്തരം സംവിധാനങ്ങൾ ഇല്ലാതെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് അനുവദിക്കുന്നതല്ല.
- ഉണക്കാനിടുന്ന വസ്ത്രങ്ങൾ മറയ്ക്കുന്നതിനായി മരം കൊണ്ടുള്ള മെഷ് അല്ലെങ്കിൽ ചെറിയ കണ്ണികളോട് കൂടിയ കിളിവാതിൽ പോലുള്ള മറ ബാൽക്കണിയിൽ സ്ഥാപിക്കേണ്ടതാണ്. ഇത്തരം ഉപകരണങ്ങളുടെ സുഷിരങ്ങളുടെ വലിപ്പം 1.50 cm x 1.50 cm എന്നതിലും കൂടാൻ പാടില്ല.
- മൂന്നിലധികം റെസിഡൻഷ്യൽ യൂണിറ്റുകളുള്ള, ഒന്നിലധികം നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഓരോ റെസിഡൻഷ്യൽ യൂണിറ്റുകൾക്കും വസ്ത്രങ്ങൾ ഉണക്കുന്നതിനായി കൃത്യമായ രീതിയിൽ മറച്ചിട്ടുള്ള ഒരു ബാൽക്കണിയെങ്കിലും ഒരുക്കേണ്ടതാണ്.
- ബാൽക്കണികൾ, ജനാലകൾ എന്നിവ ഇത്തരത്തിൽ മറയ്ക്കുന്നതിനായി മെറ്റൽ മെഷുകൾ സ്ഥാപിക്കാൻ അനുമതിയില്ല.
മസ്കറ്റ് നഗരത്തിന്റെ മനോഹാരിത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
Cover Image: Muscat Municipality.