ഒമാൻ: ചുവരെഴുത്തുകളിലൂടെ വസ്തുവകകള്‍ മനപ്പൂര്‍വ്വം നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

featured Oman

ചുവരെഴുത്തുകളിലൂടെ പൊതുഇടങ്ങളിലെ വസ്തുവകകള്‍ മനപ്പൂര്‍വ്വം നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2023 ഫെബ്രുവരി 20-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം ചുവരെഴുത്തുകളും, പൊതുഇടങ്ങളിലെ ചുവരിൽ വരയ്ക്കുന്ന ചിത്രങ്ങളും പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്നും, ഇവ മസ്കറ്റിന്റെ തനത് ഭംഗിയ്ക്ക് കോട്ടം വരുത്തുന്നതാണെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിഴ അല്ലെങ്കിൽ രണ്ട് മാസം തടവ് ശിക്ഷയായി ലഭിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

മസ്‌കറ്റിലെ പൊതു ഇടങ്ങളിലെ ചുമരുകളിലും, മറ്റു പ്രതലങ്ങളിലും എന്തെങ്കിലും എഴുതുന്നതും, വരയ്ക്കുന്നതും, കുത്തിക്കുറിക്കുന്നതും, സ്പ്രേ പെയിന്റ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് വരയ്ക്കുന്നതും ഇത്തരം ലംഘനങ്ങളുടെ പരിധിയിൽ വരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം പൊതു ഇടങ്ങളിലെ ചൂണ്ടുപലകകൾ, വിലാസങ്ങൾ സൂചിപ്പിക്കുന്ന പലകകൾ മുതലായവ കേടുവരുത്തുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കും സമാനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Cover Image: Muscat Municipality.