ഒമാൻ: വിവിധ ഗവർണറേറ്റുകളിലെ മരുഭൂ പ്രദേശങ്ങളിലെ റോഡുകളിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി

Oman

ശക്തമായ കാറ്റിനെ തുടർന്ന് വിവിധ ഗവർണറേറ്റുകളിലെ മരുഭൂ പ്രദേശങ്ങളിലെ റോഡുകളിൽ ഉടലെടുത്തിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2023 ഫെബ്രുവരി 20-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ ദാഖിലിയ, അൽ വുസ്ത, അൽ ദഹിറാഹ് ഗവർണറേറ്റുകളിലെ മരുഭൂ പ്രദേശങ്ങളിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പോലീസ് ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശക്തമായ കാറ്റ് മൂലം ഈ റോഡുകളിലെ വിവിധ ഇടങ്ങളിൽ മണൽക്കൂനകൾ ഉണ്ടാകാനിടയുണ്ടെന്നും, റോഡിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.