ഒമാൻ: ഓഗസ്റ്റ് 8 മുതൽ മസ്കറ്റിൽ നിന്ന് സലാലയിലേക്ക് ഒരു അധിക ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് മുവാസലാത്ത്

Oman

2021 ഓഗസ്റ്റ് 8, ഞായറാഴ്ച്ച മുതൽ റൂട്ട് 100-ൽ (മസ്കറ്റ് – സലാല) ദിനവും ഒരു അധിക ബസ് സർവീസ് വീതം ഏർപ്പെടുത്തുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു. ഇതോടെ ഓഗസ്റ്റ് 8 മുതൽ റൂട്ട് 100-ൽ ദിനവും, മസ്കറ്റിൽ നിന്ന് പുറപ്പെട്ട് സലാലയിലെത്തി തിരികെ മടങ്ങുന്ന, മൂന്ന് ബസ് സർവീസുകൾ വീതം ഉണ്ടായിരിക്കുന്നതാണ്.

https://twitter.com/mwasalat_om/status/1423632259492552705

ഓഗസ്റ്റ് 8 മുതൽ ഈ അധിക ബസ് സർവീസ് പ്രവർത്തനമാരംഭിക്കുന്നതാണ്. ഈ റൂട്ടിൽ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 8 റിയാലും, ഇരുവശത്തേക്കും യാത്രചെയ്യുന്നതിന് 12.500 റിയാലുമാണ് മുവാസലാത്ത് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏതാണ്ട് ഒരു വർഷത്തോളമായി അടച്ചിട്ടിരുന്ന സൊഹാർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മൺസൂൺ (ഖരീഫ്) മഴക്കാലത്ത് സലാലയിൽ അനുഭവപ്പെടുന്ന സഞ്ചാരികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് സൊഹാറിൽ നിന്ന് സലാലയിലേക്ക് സലാം എയർ ആഴ്ച്ച തോറും 4 സർവീസുകൾ നടത്തുമെന്നും ഒമാൻ എയർപോർട്ട്സ് അറിയിച്ചിട്ടുണ്ട്.