ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യത്തെ ഫുൾ-കളർ ഇമേജ് നാസ പുറത്തുവിട്ടു. വിദൂര പ്രപഞ്ചത്തിലെ ഏറ്റവും ആഴമേറിയതും കൃത്യതയാർന്നതുമായ ഇൻഫ്രാറെഡ് ചിത്രമാണിതെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗാലക്സികളുടെ ഒരു കൂട്ടത്തെ പ്രദർശിപ്പിക്കുന്ന ഈ ചിത്രം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ഗാലക്സി ക്ലസ്റ്റർ SMACS 0723-നെ കാണിക്കുന്ന ഒരു ഡീപ് ഫീൽഡ് കോമ്പോസിറ്റാണെന്ന് യുഎസ് ബഹിരാകാശ ഏജൻസി വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ നടന്ന പ്രത്യേക ചടങ്ങിൽ യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഈ ചിത്രങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഈ ചടങ്ങിൽ പങ്കെടുത്തു.
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പകർത്തിയ ഫുൾ ഇമേജ് ദൃശ്യങ്ങളിൽ ബാക്കിയുള്ളവ https://www.nasa.gov/webbfirstimages എന്ന വിലാസത്തിലൂടെ നാസ പങ്ക് വെച്ചിട്ടുണ്ട്. നാസയുടെ പ്രസ്താവന പ്രകാരം 7,600 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന കാരീന നെബുല എന്ന ഒരു തരം വാതക മേഘം, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഭീമൻ വാതക ഗ്രഹമായ WASP-96 b എന്നിവ ഈ ചിത്രങ്ങളിൽ കാണാൻ കഴിയുന്നതാണ്.
ബഹിരാകാശത്തേക്ക് ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചുള്ള ശാസ്ത്രീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ് ഈ ചിത്രങ്ങളുടെ പ്രസിദ്ധീകരണം. ഫ്രഞ്ച് ഗയാനയിലെ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കൗറോ ബഹിരാകാശ പോർട്ടിൽ നിന്ന് ഡിസംബർ 25 ന് ഏരിയൻ വിക്ഷേപണ വാഹനത്തിലാണ് ജെയിംസ് വെബ് ദൂരദർശിനി വിക്ഷേപിച്ചത്.
ഏകദേശം 13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള മഹാവിസ്ഫോടനത്തിന് തൊട്ടുപിന്നാലെയുള്ള കാലഘട്ടത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഈ ദൂരദർശിനിയുടെ ചിത്രങ്ങൾ നൽകുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. 10 ബില്യൺ ഡോളർ ചിലവിൽ ഏകദേശം 30 വർഷംകൊണ്ടാണ് ഈ ദൂരദർശിനി വികസിപ്പിച്ചെടുത്തത്. 30 വർഷത്തിലേറെയായി ഉപയോഗിക്കുന്ന ഹബിൾ ദൂരദർശിനിയുടെ പിന്തുടർച്ചയുടെ ഭാഗമായാണ് ഇത് വികസിപ്പച്ചത്.
WAM [Image Credits: NASA, ESA, CSA, and STScI]
Cover Image: NGC 3324 in the Carina Nebula captured in infrared light by NASA’s new James Webb Space Telescope.