ഒമാൻ ദേശീയ ദിനം: നാല് ദിവസത്തെ അവധി നാളെ മുതൽ ആരംഭിക്കും

GCC News

ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള നാല് ദിവസത്തെ അവധി ദിനങ്ങൾ നാളെ (2021 നവംബർ 26, വെള്ളിയാഴ്ച്ച) മുതൽ ആരംഭിക്കും. രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനവുമായി ബന്ധപ്പെട്ട് 2021 നവംബർ 28, ഞായറാഴ്ച്ച, നവംബർ 29, തിങ്കളാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേരത്തെ ഉത്തരവിറക്കിയിരുന്നു.

ഈ അവധി ഒമാനിലെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ബാധകമാണ്. സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാരുടെ അനുമതിയോടെ ആവശ്യമെങ്കിൽ ഈ ദിനങ്ങളിൽ പ്രവർത്തിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനം 2021 നവംബർ 18, വ്യാഴാഴ്ച്ച ഗംഭീരമായ വെടിക്കെട്ട്, മിലിറ്ററി പരേഡ് എന്നിവയോടെ ആഘോഷിച്ചിരുന്നു. ഒരുമിച്ച് നാല് ദിവസം അവധി നൽകുന്നതിനായാണ് നവംബർ 28, 29 തീയതികളിൽ ഒമാൻ പൊതു അവധി പ്രഖ്യാപിച്ചത്.

Cover Photo: National Day Parade on 2021 November 18. Source: Oman News Agency.