യു എ ഇ: യാത്രാ മാനദണ്ഡങ്ങളെ കുറിച്ചറിയാൻ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കാൻ NCEMA ആഹ്വാനം ചെയ്തു

GCC News

രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കുമായി യു എ ഇ പുറത്തിറക്കുന്ന യാത്രാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു. ഇതിനായി ഔദ്യോഗിക വെബ്സൈറ്റുകൾ, സർക്കാർ തലത്തിലെ വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ച് വാർത്തകൾ സ്ഥിരീകരിക്കാൻ ജനങ്ങളോട് NCEMA നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം യു എ ഇ പുറത്തിറക്കിയ ജൂൺ 23 മുതൽ അനുവദിക്കുന്ന വിദേശ യാത്രകളെക്കുറിച്ചുള്ള അറിയിപ്പിനെ സംബന്ധിച്ച് വിവിധ തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നതിനു മുൻപും, പ്രചരിപ്പിക്കുന്നതിന് മുൻപും ഔദ്യോഗിക സ്രോതസ്സുകൾ ഉപയോഗിച്ച് അവ ശരിയാണെന്ന് ഉറപ്പ് വരുത്താൻ NCEMA ആവശ്യപ്പെട്ടിട്ടുള്ളത്. തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്ന വ്യക്തികളെ നിയമപരമായ നടപടികൾക്ക് വിധേയമാക്കുകയും, പിഴ ചുമത്തുകയും ചെയ്യുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.