രാജ്യത്തെ വിദ്യാലയങ്ങളിലെ 2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ ഇന്ന് (2021 സെപ്റ്റംബർ 12, ഞായറാഴ്ച്ച) മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നതാണ്. ഒമാനിലെ വിദ്യാലയങ്ങളിൽ ഏതാണ്ട് 60000 അധ്യാപകരം, പതിനായിരത്തിൽ പരം മറ്റു ജീവനക്കാരും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലെത്തുന്നതാണ്.
ഒമാനിലെ വിദ്യാലയങ്ങളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ 2021 സെപ്റ്റംബർ 19 മുതലായിരിക്കും ആരംഭിക്കുന്നത്.
12 മുതൽ 17 വയസ് വരെ പ്രായമുള്ള മുപ്പത്തിനായിരത്തിൽ പരം വിദ്യാർത്ഥികൾ ഇതുവരെ ഒരു ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പഠനവും, ഓൺലൈൻ വിദ്യാഭ്യാസവും സംയോജിപ്പിച്ചിട്ടുള്ള രീതിയായിരിക്കും നടപ്പിലാക്കുന്നത്. കുട്ടികളുടെ എണ്ണം വളരെക്കുറവുള്ള വിദ്യാലയങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ട് സ്‌കൂളിൽ ഹാജരാകുന്ന രീതി നടപ്പിലാക്കുന്നതാണ്. സ്‌കൂൾ ബസുകൾ പകുതി ശേഷിയിൽ യാത്ര സേവനങ്ങൾ നൽകുന്നതാണ്.
രാജ്യത്തെ വിദ്യാലയങ്ങളിലെ 2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2021 സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഓഗസ്റ്റ് 19-ന് സ്ഥിരീകരിച്ചിരുന്നു.