രാജ്യത്തെ വിദേശ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നിയമം സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി H.R.H പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിറക്കി. ഇത്തരം സ്ഥാപനങ്ങളുടെ മൂലധന നിക്ഷേപം ക്രമപ്പെടുത്തുന്നത് സംബന്ധിച്ചുള്ള നിയമനിർമ്മാണമാണ് ഈ ഉത്തരവിലൂടെ ബഹ്‌റൈൻ ജനുവരി 29-ന് നടപ്പിലാക്കിയത്.
ഈ നിയമപ്രകാരം, രാജ്യത്ത് വിദേശ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ സ്ഥാപനങ്ങൾക്കും വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ആദ്യ വർഷത്തിൽ ചുരുങ്ങിയത് 50000 ദിനാർ മൂലധന നിക്ഷേപം നിർബന്ധമാക്കിയിട്ടുണ്ട്. പൂർണ്ണമായും വിദേശികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും, ഭാഗികമായി വിദേശികൾ പങ്കാളികളാകുന്ന സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.
2021-ലെ നമ്പർ 6 നിയമ പ്രകാരമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ, ഇത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ മിനിസ്ട്രി ഓഫ് ഇൻഡസ്ടറി, കോമേഴ്‌സ് ആൻഡ് ടൂറിസത്തിന്റെ നേതൃത്വത്തിൽ കൈക്കൊള്ളുന്നതാണ്.