സർക്കാർ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കേണ്ടത് സംബന്ധിച്ചും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് 19 നിർവ്യാപന/ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കർശമായി പാലിച്ച് കഴിയുന്ന ജീവനക്കാരെ ഉചിതമായി നിയോഗിച്ച് അവശ്യ സർവ്വീസ് എന്ന ഗണത്തിൽ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും പ്രവർത്തിക്കാൻ ജില്ലാതല പ്രവർത്തനങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.
കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾ ഉൾപ്പെടെയുളള ജനക്ഷേമ ആശ്വാസ നടപടികൾക്കും ഭംഗവും വരാത്ത രീതിയിലായിരിക്കണം ഓഫീസ് പ്രവർത്തനങ്ങൾ. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും ജനക്ഷേമ ആശ്വാസനടപടികളുടെയും സുഗമമായ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് പ്രത്യേകമായി ജീവനക്കാരെ ചുമതലപ്പെടുത്തി പ്രവർത്തനസമയം നിശ്ചയിച്ച് ഓഫീസ് ഉത്തരവ് പുറപ്പെടുവിക്കണം.
പഞ്ചായത്ത് വകുപ്പിനെ അവശ്യസർവ്വീസായി സർക്കാർ നിശ്ചയിച്ചിട്ടുളള സാഹചര്യത്തിൽ വകുപ്പിലെ എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണം. പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന ജീവനക്കാർക്കും, ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, അഞ്ചുവയസ്സിൽ താഴെ പ്രായമുളള കുട്ടികളുടെ രക്ഷാകർത്താക്കളായ ജീവനക്കാർ എന്നിവരെ അപേക്ഷപ്രകാരം ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാം. ഇത്തരത്തിൽ ഒഴിവാക്കുന്ന ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച തീരുമാനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി പിന്നീട് തീരുമാനിക്കും. ഇത്തരത്തിലുളള ജീവനക്കാർ നിർബന്ധമായും ‘വർക്ക് ഫ്രം ഹോം’ രീതി സ്വീകരിക്കണം.
ജില്ലയ്ക്കുള്ളിൽ സ്ഥിരതാമസമാക്കിയിട്ടുളളതും ഓഫീസ് ഹെഡ് ക്വാർട്ടേഴ്സ് ജില്ലയ്ക്കുള്ളിൽ തന്നെ വരുന്നതുമായ ജീവനക്കാർ അവശ്യസർവ്വീസ് എന്ന രീതിയിൽ നിർബന്ധമായും ജോലിക്ക് ഹാജരാകണം. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത കാരണമോ, മറ്റ് അവശതകളാലോ ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാർ നിർബന്ധമായും കാരണം കാണിച്ച് ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാതെ ഹാജരാകാതിരിക്കുന്ന ജീവനക്കാർക്കെതിരെ അനധികൃത ഹാജരില്ലായ്മക്കുളള നടപടികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ സ്വീകരിക്കണം.
വകുപ്പുമായി ബന്ധപ്പെട്ട ചില ഓഫീസുകളിലെ ജീവനക്കാർ ഓഫീസിലെത്തുന്നതിനും തിരകെപോകുന്നതിനും ഓഫീസ് വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. മേൽസാഹചര്യത്തിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് ജോലിക്കെത്തുന്ന ജീവനക്കാർ ഓഫീസിന്റെ എട്ട് കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നതിനുളള നടപടികൾ സ്വീകരിക്കണം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഓഫീസ് മേധാവികൾ ഏർപ്പാടുചെയ്യണം. സ്ഥിരതാമസമാക്കിയിട്ടുളള ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നതും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സ്ഥിരതാമസ സ്ഥലങ്ങളിലകപ്പെടുകയും ചെയ്ത ജീവനക്കാർക്ക് സ്വകാര്യ വാഹനങ്ങളിൽ ജോലിസ്ഥലത്തേക്ക് പോകുന്നതിന് ആവശ്യമായ യാത്രാപാസ്സിനുളള നടപടികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ചെയ്യണം.
കോവിഡ് നിർവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ/ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുളള സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ ജീവനക്കാരുടെ എണ്ണം ഓഫീസ് മേലധികാരിക്ക് ക്രമീകരിക്കാം. ക്രമീകരിക്കുമ്പോൾ എല്ലാ ജീവനക്കാർക്കും ഇടവേള ലഭിക്കുന്ന തരത്തിൽ റൊട്ടേഷൻ/ ടേൺ രീതി ഓഫീസ് മേലധികാരി സ്വീകരിക്കണം. ഇ-ഫയൽ പ്രോസസ്സ് ചെയ്യുന്ന എല്ലാ ജീവനക്കാരും ഓഫീസ് മേലധികാരി മുഖേന വി.പി.എൻ കണക്ടിവിറ്റി വാങ്ങി പരമാവധി ഫയലുകൾ പ്രോസസ്സ് ചെയ്യണം. ഇ-ഓഫീസ് വഴിയുള്ള ഫയൽ നീക്കം എല്ലാ ഓഫീസ് മേലധികാരികളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കണം. എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും ഓഫീസ്തല ഇ-ഫയൽ സ്റ്റാറ്റസ് സംവിധാനത്തിലൂടെ ചെയ്യാൻ കഴിയുന്ന ഫയൽ വർക്കുകൾ ‘വർക്ക് ഫ്രം ഹോം’ രീതിയിൽ ചെയ്യുന്നതിനും വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾ നൽകുന്ന അപേക്ഷകളിൻമേൽ വകുപ്പിലെ എല്ലാ ഓഫീസുകളും സമയബന്ധിത നടപടികൾ സ്വീകരിക്കണം.
ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഓൺലൈനായി നൽകിയിരുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും ഓൺലൈനായി തന്നെ നൽകാൻ നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ ക്രമീകരണങ്ങളും സഹായവും ഇൻഫർമേഷൻ കേരളമിഷൻ നൽകും. ഓഫീസുകളിൽ ഹാജരാകുന്ന ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾ എന്നിവർ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് നിർബന്ധമായും ധരിക്കണം. ഇത് സംബന്ധിച്ച് ആവശ്യമായ ബോധവൽക്കണ നടപടികൾ ഗ്രാമപഞ്ചായത്തുകൾ ചെയ്യണം.
വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് കൈകൾ അണുവിമുക്തമാക്കുന്നതിനായി ജലം, സോപ്പ്/ ഹാൻഡ് വാഷ്, സാനിറൈസർ എന്നിവ ഓഫീസ് കവാടത്തിനുമുന്നിൽ ക്രമീകരിക്കണം. ഓഫീസ് വാഹനങ്ങൾ അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിക്കണം.
ഗ്രാമപഞ്ചായത്തുകളിൽ കഴിവതും ഓൺലൈനായി നികുതികളും ഫീസുകളും സ്വീകരിക്കാൻ നടപടിയെടുക്കണം.
ഓഫീസും പരിസരവും ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി അണുവിമുക്തമാക്കി ശുചീകരണ പ്രവർത്തനങ്ങൾ യഥാവിധി നടത്തണം.
എല്ലാ ഓഫീസുകളിലും ആറടി അകലത്തിൽ സാമൂഹിക അകലം പാലിച്ച് ജീവനക്കാരുടെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം. പഞ്ചായത്ത് കമ്മിറ്റിയോഗം ഉൾപ്പെടെയുള്ള ചടങ്ങുകൾ സംഘടിപ്പിക്കുകയാണെങ്കിൽ സാമൂഹിക അകലവും സുരക്ഷാമാനദണ്ഡങ്ങളും കർശനമായി പാലിച്ച് അജണ്ടയായി അടിയന്തിര പ്രാധാന്യമിള്ള വിഷയങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് സമയക്ലിപ്തത പാലിക്കണം.
ഗ്രാമപഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പൊതുജനങ്ങളിൽ നിന്നും പണമായും സാധനസാമഗ്രികളായും ലഭിക്കുന്ന സംഭാവനകൾ സംബന്ധിച്ച് കൃത്യമായ സ്റ്റോക്ക് രജിസ്റ്റർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എഴുതി സൂക്ഷിക്കണം. ഇതിന്റെ കൃത്യത ബന്ധപ്പെട്ട പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ പരിശോധിച്ച് ഉറപ്പുവരുത്തണം.
കമ്മ്യൂണിറ്റി കിച്ചണുകൾക്ക് പൊതുജനങ്ങളിൽ നിന്നും സംഭാവനയായി ലഭിക്കുന്ന സാധനസാമഗ്രികൾ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനു വിധേയമായി മാത്രം വിതരണം ചെയ്യണം. പണമായി ലഭിക്കുന്ന സംഭാവനകൾ പൂർണ്ണമായും പഞ്ചായത്ത് തനത് ഫണ്ടിലേക്ക് വരവ് വെച്ച് നിയമ നടപടിക്രമങ്ങളിലൂടെ ചെലവ് ചെയ്യണം. കമ്മ്യൂണിറ്റി കിച്ചണുകളിലെ പാചക തൊഴിലാളികൾക്ക് സർക്കാരിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നൽകുന്ന വേതനത്തിന്റെ വിവരങ്ങൾ ഗ്രാമപഞ്ചായത്തുകൾ പ്രത്യേകം എഴുതി സൂക്ഷിച്ച് പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും കമ്മ്യൂണിറ്റി കിച്ചണുകളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്ക് ലഭിച്ചിട്ടുള്ള സാമ്പത്തിക സഹായത്തിന്റെയും ചെലവിന്റെയും വിവരങ്ങൾ ക്രോഡീകരിച്ച് പ്രൊഫോർമയിൽ എല്ലാ മാസവും ഒന്നിന് പഞ്ചായത്ത് ഡയറക്ടർക്ക് സമർപ്പിക്കണം.
ഈ നിർദേശങ്ങൾ ഗ്രാമപഞ്ചായത്തുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പെർഫോമൻസ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തി സ്പെഷ്യൽ റിപ്പോർട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ലഭ്യമാക്കണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു.