യു എ ഇയിൽ ഫോൺ കോളുകൾ വഴിയുള്ള വിപണനം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ 2024 ഓഗസ്റ്റ് പകുതിയോടെ പ്രാബല്യത്തിൽ വരും. ടെലിമാർക്കറ്റിംഗ് സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും അഡ്മിനിസ്ട്രേറ്റീവ് പിഴകളും വിശദീകരിക്കുന്നതാണ് ഈ പുതിയ തീരുമാനങ്ങൾ.
യു എ ഇയുടെ സാമ്പത്തിക മന്ത്രാലയവും, ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റിയും (TDRA) ചേർന്നാണ് ഇത് നടപ്പിലാക്കുന്നത്.
ടെലിമാർക്കറ്റിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതികൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരം ലൈസന്സുകളില്ലാത്ത വ്യക്തികൾ യു എ ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ, ലാൻഡ്‌ലൈൻ നമ്പറുകൾ ഉപയോഗിച്ച് കൊണ്ട് മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ നടത്തുന്നത് നിരോധിച്ചിട്ടുണ്ട്.
ഫോൺ കോളുകൾ, ടെക്‌സ്‌റ്റ് സന്ദേശങ്ങൾ, സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും വിപണനം ചെയ്യുന്ന ഫ്രീ സോണുകളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന യു എ ഇയിലെ എല്ലാ ലൈസൻസുള്ള കമ്പനികൾക്കും ഈ വ്യവസ്ഥകൾ ബാധകമാകുന്നതാണ്. ടെലിമാർക്കറ്റിംഗിലൂടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനം നിയന്ത്രിക്കുക, സാമ്പത്തികവും സാമൂഹികവുമായ സ്ഥിരത ഉറപ്പുവരുത്തുക, ഇത്തരം മാർക്കറ്റിംഗിനായി നിശ്ചിത രീതികളും സമയങ്ങളും പാലിക്കുക, അനാവശ്യ മാർക്കറ്റിംഗ് ഫോൺ കോളുകൾ കുറയ്ക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫോൺ കോളുകളിലൂടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനത്തിൽ ഏർപ്പെടുന്ന കമ്പനികൾ ഉപഭോക്താവിനെ ശല്യപ്പെടുത്താതിരിക്കാനും സുതാര്യത, വിശ്വാസ്യത, സമഗ്രത എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുമുള്ള വ്യവസ്ഥകൾ ഈ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൽപ്പന്നമോ സേവനമോ വിപണനം ചെയ്യുമ്പോൾ വഞ്ചനയും തെറ്റിദ്ധരിപ്പിക്കലും ഒഴിവാക്കുക, സേവനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താവിനെ നിർബന്ധിക്കുന്ന രീതിയിലുള്ള മാർക്കറ്റിംഗ് മാർഗങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക, രാവിലെ 9:00 മുതൽ വൈകീട്ട് 6:00 വരെയുള്ള സമയങ്ങളിൽ മാത്രമായായി ഇത്തരം മാർക്കറ്റിംഗ് ഫോൺ കോളുകൾ നിയന്ത്രിക്കുക, ഉൽപ്പന്നമോ സേവനമോ ആദ്യ കോളിൽ നിരസിക്കുന്ന ഉപഭോക്താവിനെ വീണ്ടും വിളിക്കാതിരിക്കുക, കോളിന് മറുപടി നൽകുകയോ കോൾ അവസാനിപ്പിക്കുകയോ ചെയ്യുന്ന ഉപഭോക്താവിനെ ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ വിളികാതിരിക്കുക തുടങ്ങിയ വ്യവസ്ഥകൾ ഇതിന്റെ ഭാഗമാണ്.
വിപണനത്തിനും പരസ്യത്തിനും ഓട്ടോമേറ്റഡ് ഡയലിംഗ് സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഉൽപ്പന്നത്തിനോ സേവനത്തിനോ വേണ്ടി മാർക്കറ്റിംഗും പരസ്യവും ആരംഭിക്കുന്നതിന് മുമ്പ് ഫോൺ കോൾ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഉപഭോക്താക്കളോട് ചോദിക്കേണ്ടതാണ്.
രാജ്യത്തെ അംഗീകൃത ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ നൽകുന്ന പ്രാദേശിക ഫോൺ നമ്പറുകൾ മാത്രം ഉപയോഗിക്കുക, ഇത്തരം പ്രവർത്തികളിലേർപ്പെടുന്നതിന് മുൻകൂർ അനുമതി നേടുക, വിപണന കോളുകളുടെ പ്രൊഫഷണൽ പെരുമാറ്റ നൈതികതയെക്കുറിച്ച് വിപണനക്കാർക്ക് സമഗ്ര പരിശീലനം നൽകുക തുടങ്ങിയ വ്യവസ്ഥകൾ ഈ നിയമങ്ങൾ മുന്നോട്ട് വെക്കുന്നു. ഇത്തരം സ്ഥാപനങ്ങൾ തങ്ങളുടെ മാർക്കറ്റിംഗ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡാറ്റയും വിവരങ്ങളും സൂക്ഷിക്കേണ്ടതും, അധികൃതർ വ്യക്തമാക്കിയ നിശ്ചിത കാലയളവ് അവസാനിക്കുന്നതിന് മുമ്പ് അവ നശിപ്പിക്കരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് ഒന്നോ അതിലധികമോ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്താവുന്നതാണ്. ഫോൺ വിപണനത്തിന് മുൻകൂർ അനുമതി വാങ്ങാത്തവർക്ക് 75,000 ദിർഹം പിഴ ചുമത്തുന്നതാണ്. ഈ ലംഘനം ആവർത്തിക്കുന്നവർക്ക് 100,000 ദിർഹം മുതൽ 150,000 ദിർഹം വരെയും പിഴ ചുമത്തുന്നതാണ്.
സ്വകാര്യ വ്യക്തികൾ അവരുടെ പേരിലോ മറ്റു കമ്പനികളുടെ പേരിലോ മാർക്കറ്റിംഗ് ഫോൺ കോളുകൾ നടത്തുകയാണെങ്കിൽ, അവർക്ക് 5,000 ദിർഹം സാമ്പത്തിക പിഴ ചുമത്തുന്നതാണ്. ഇവർ പിഴ അടയ്ക്കുന്നത് വരെ ഇവർക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുള്ള എല്ലാ ഫോൺ നമ്പറുകളുടെയും കണക്ഷൻ വിച്ഛേദിക്കപ്പെടുന്നതാണ്.
WAM