2021 ഏപ്രിൽ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക് ഇന്ത്യയിൽ നിന്നുള്ള മുഴുവൻ യാത്രികർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ന്യൂസീലൻഡ് അറിയിച്ചു. ഇന്ത്യയിൽ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലും, ഇന്ത്യയിൽ നിന്നെത്തിയ ഏതാനം യാത്രികരിൽ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിലുമാണ് ഈ തീരുമാനം.
ഈ തീരുമാന പ്രകാരം, ഏപ്രിൽ 11 മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന ന്യൂസീലൻഡ് പൗരന്മാരുൾപ്പടെയുള്ള മുഴുവൻ യാത്രികർക്കും ഈ വിലക്ക് ബാധകമാക്കുന്നതാണ്. ഏപ്രിൽ 11-ന് പ്രാദേശിക സമയം 4:00 p.m. മുതൽ ഈ വിലക്ക് നിലവിൽ വരുന്നതാണ്. 2021 ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് ഈ വിലക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂസീലൻഡിലേക്ക് യാത്ര പുറപ്പെടുന്നതിന് 14 ദിവസം മുൻപ് ഇന്ത്യ സന്ദർശിച്ചിട്ടുള്ള യാത്രികർക്കും ഈ വിലക്ക് ബാധകമാണ്.
“ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് താത്കാലികമായി പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു.”, ഓക്ലാൻഡിൽ വെച്ച് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രണ്ടാഴ്ച്ചത്തെ കാലയളവിൽ ഈ തീരുമാനം സംബന്ധിച്ച് കൂടുതൽ വിശകലനം ചെയ്യുമെന്നും, സാഹചര്യങ്ങൾക്കനുസരിച്ച് യാത്രാ നിയന്ത്രണം സംബന്ധിച്ച് പുതിയ തീരുമാനം കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.