ഒമാനിൽ മാർച്ച് 4 മുതൽ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങൾ വ്യാവസായിക മേഖലകളിലെ വാണിജ്യ പ്രവർത്തനങ്ങൾക്കും ബാധകമാണെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ (MoCIIP) വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള വ്യാവസായിക മേഖലകളിലെ വാണിജ്യ പ്രവർത്തനങ്ങൾ ദിനവും രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 5 വരെ അടച്ചിടേണ്ടതാണ്.
ദിനവും രാത്രി 8 മണി മുതൽ രാവിലെ 5 മണിവരെയാണ് രാജ്യവ്യാപകമായി വാണിജ്യ പ്രവർത്തനങ്ങൾക്ക് ഒമാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ നിയന്ത്രണങ്ങൾ മാർച്ച് 20 വരെ തുടരും. രാജ്യത്ത് COVID-19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കാൻ കമ്മിറ്റി തീരുമാനിച്ചത്.
സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഒമാനിലെ വാണിജ്യ മേഖലയിൽ മാർച്ച് 4 മുതൽ 20 വരെ നടപ്പിലാക്കുന്ന രാത്രികാല നിയന്ത്രണങ്ങൾ എല്ലാ തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്കും ബാധകമാണെന്ന് MoCIIP വൃത്തങ്ങൾ വ്യക്തമാക്കി. വാഹനങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്ന സ്ഥാപനങ്ങൾ, മോട്ടോർ ഇലക്ട്രിക്ക് ഷോപ്പുകൾ, വാഹനങ്ങൾ കഴുകുന്ന സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ, ടയർ ഷോപ്, സ്പെയർ പാർട്സ് കടകൾ, കെട്ടിടനിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യാപാരശാലകൾ തുടങ്ങി വ്യാവസായിക മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.
ഇതിന് പുറമെ, രാജ്യത്ത് പ്രവർത്തിക്കുന്ന വ്യവസായശാലകൾ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള കാലയളവിൽ ദിനവും രാത്രി 8 മണി മുതൽ രാവിലെ 5 മണിവരെ അടച്ചിടേണ്ടതാണ്. രാത്രി 8 മുതൽ രാവിലെ 5 വരെ വ്യവസായശാലകളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിയന്ത്രണങ്ങൾ വഴിയോരക്കച്ചവടക്കാർക്കും, വഴിവക്കിൽ വാഹനങ്ങളിൽ നിന്ന് ഭക്ഷണസാധനങ്ങൾ കച്ചവടം ചെയ്യുന്നവർക്കും ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹോം ഡെലിവറി സേവനങ്ങൾക്കും രാത്രികാല നിയന്ത്രണങ്ങൾ ബാധകമാണ്. ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് മാത്രമാണ് രാത്രികാലങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം മാർച്ച് 4 മുതൽ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങൾ മറികടക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.