ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 24-ന് അവസാനിക്കുമെന്ന് സുപ്രീം കമ്മിറ്റി

GCC News

ഒമാനിൽ നിലവിൽ പ്രാബല്യത്തിലുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 24, ശനിയാഴ്ച്ച രാവിലെ 5 മണിയോടെ അവസാനിക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒക്ടോബർ 21-ന് രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ, ഒക്ടോബർ 21, ബുധനാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. യോഗത്തിൽ രാജ്യത്തെ നിലവിലെ കൊറോണ വൈറസ് സാഹചര്യങ്ങൾ സുപ്രീം കമ്മിറ്റി വിശകലനം ചെയ്‌തു. ഇതിന്റെ ഭാഗമായി രാജ്യത്തിൻറെ വിവിധ ഗവർണറേറ്റുകളിലെ വൈറസ് വ്യാപനത്തിന്റെ തോത്, മരണ നിരക്ക് എന്നിവയും, നിലവിലെ രോഗപ്രതിരോധ മാർഗ്ഗങ്ങളും സുപ്രീം കമ്മിറ്റി ചർച്ച ചെയ്യുകയുണ്ടായി.

രാജ്യത്ത് തുടർന്ന് വരുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ച്ചകളിലും, സാമൂഹിക ഒത്തുചേരലുകളിലും സുപ്രീം കമ്മിറ്റി കടുത്ത ആശങ്ക രേഖപ്പെടുത്തി. മുഴുവൻ സമൂഹത്തോടും ജാഗ്രത തുടരാനും, പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാനും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് കൊറോണ വൈറസ് രോഗബാധയിൽ പ്രകടമാകുന്ന വർദ്ധനവിനെ തുടർന്ന് ഒക്ടോബർ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക്, ദിനവും രാത്രി 8 മണി മുതൽ പുലർച്ചെ 5 വരെയാണ് സുപ്രീം കമ്മിറ്റി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.