ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും, ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ടും ഏർപ്പെടുത്തുന്ന സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഏപ്രിൽ 11-നാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ വർഷത്തെ റമദാനിൽ ഉംറ തീർത്ഥാടനത്തിനും, മക്കയിലെയും, മദീനയിലെയും പള്ളികളിലേക്ക് പ്രാർത്ഥനകൾക്കായി പ്രവേശിക്കുന്നതിനുമുള്ള പെർമിറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ചും മന്ത്രാലയം വ്യക്തത നൽകിയിട്ടുണ്ട്. താഴെ പറയുന്ന നിർദ്ദേശങ്ങളാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഏപ്രിൽ 11-ന് അറിയിച്ചിട്ടുള്ളത്.
- വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ തീർത്ഥാടകർക്കും, വിശ്വാസികൾക്കും മാത്രമാണ് ഉംറ അനുഷ്ഠിക്കുന്നതിനും, പള്ളികളിൽ പ്രാർത്ഥിക്കുന്നതിനുമുള്ള പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് മന്ത്രാലയം ആവർത്തിച്ചു.
- ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ മാത്രമാണ് ഔദ്യോഗിക തീർത്ഥാടന പെർമിറ്റുകൾ ലഭിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2 ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ, പെർമിറ്റിന് അപേക്ഷിക്കുന്നതിന് 14 ദിവസം മുൻപെങ്കിലും ഒന്നാം ഡോസ് വാക്സിൻ കുത്തിവെപ്പെടുത്തവർ, പൂർണ്ണമായും COVID-19 രോഗമുക്തരായവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് മാത്രമാണ് റമദാനിലെ ആദ്യ ദിനം മുതൽ ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്.
- ഉംറ തീർത്ഥാടകരുടെയും, മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രാർത്ഥനകൾക്കായി എത്തുന്നവരുടെയും കൂടെ കുട്ടികൾക്ക് പ്രവേശനാനുമതി നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
- ഉംറ തീർത്ഥാടകർക്കായി ഏഴ് സമയക്രമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
- മക്കയിലേക്ക് നിയമാനുസൃതമല്ലാത്ത യാതൊരു വാഹനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല.
- പെർമിറ്റുകളിൽ അനുവദിച്ചിട്ടുള്ള സമയക്രമമനുസരിച്ച് മാത്രമാണ് വാഹനങ്ങൾക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തരം വാഹനങ്ങളെ പരിശോധിക്കുന്നതിനായി പ്രത്യേക ചെക്ക് പോയിന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
- തിരക്കൊഴിവാക്കുന്നതിനായി ട്രാൻസ്പോർട്ട് ടിക്കറ്റുകൾ മുൻകൂട്ടി Eatmarna ആപ്പിലൂടെ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
- റമദാനിൽ പ്രതിദിനം 50000 ഉംറ തീർത്ഥാടകർക്കും, പ്രാർത്ഥനകൾക്കായി 100000 വിശ്വാസികൾക്കും ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
- കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നിബന്ധനകൾ പാലിച്ച് കൊണ്ട് മാത്രമാണ് ഇവർക്ക് പ്രവേശനം അനുവദിക്കുന്നത്.
- പ്രത്യേക പെർമിറ്റുകളില്ലാതെ ഉംറ അനുഷ്ഠിക്കുന്നതിനായി ശ്രമിക്കുന്ന തീർത്ഥാടകർക്കും, ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും കനത്ത പിഴ ചുമത്തുന്നതാണ്.