റമദാൻ വേളയിൽ ഉംറ തീർത്ഥാടകർക്കിടയിലും, മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്കിടയിലും ഇതുവരെ പകർച്ചവ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 2022 ഏപ്രിൽ 21-ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഫഹദ് അൽ ജലാജിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തീർത്ഥാടകരുടെ ആരോഗ്യ സ്ഥിതി തീർത്തും തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. തീർത്ഥാടകർക്കിടയിലും, മറ്റു വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിന് ഭീഷണിയുയർത്തുന്ന പകർച്ചവ്യാധികളോ, മറ്റു രോഗങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തീർത്ഥാടകരുടെയും, വിശ്വാസികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് അധികൃതർ കൈക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മക്കയിൽ തീർത്ഥാടകർക്കായി ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി ആരോഗ്യ മന്ത്രാലയം ഏതാണ്ട് 18000-ൽ പരം ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. റമദാനിലെ ആദ്യ 20 ദിനങ്ങളിൽ വിവിധ ആരോഗ്യ പരിചരണ സേവനങ്ങൾ ആവശ്യമായി വന്ന 7200 തീർത്ഥാടകർക്ക് എമെർജൻസി മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്നും, ആശുപത്രികളിൽ നിന്നുമായി അവ ലഭ്യമാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
Cover Image: Saudi Press Agency.