റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് (2024 ഒക്ടോബർ 31, വ്യാഴാഴ്ച) അവസാനിക്കും. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
2024 നവംബർ 1 മുതൽ രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികളെ തൊഴിലിടങ്ങളിൽ നിയമിക്കുന്നവർക്ക് ഒരു മില്യൺ ദിർഹം വരെ പിഴ ചുമത്തപ്പെടുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ICP, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) തുടങ്ങിയവർ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ, നവംബർ 1 മുതൽ റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവരെ കണ്ടെത്തുന്നതിനായി രാജ്യത്തുടനീളമുളള സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധനാ നടപടികൾ ശക്തമാക്കുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കനത്ത പിഴ ഉളപ്പടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ അവസരം നൽകുന്നതിനുള്ള പൊതുമാപ്പ് പദ്ധതി 2024 സെപ്റ്റംബർ 1 മുതൽ യു എ ഇയിൽ ആരംഭിച്ചിരുന്നു. നിരവധി ഇത്തരം പ്രവാസികൾ ഈ പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിച്ച ശേഷം യു എ ഇയിൽ തുടരുന്ന റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ICP അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി തങ്ങളുടെ രേഖകൾ പുതുക്കാത്തവർക്ക് പഴയ പിഴകൾ വീണ്ടും ബാധകമാകുമെന്നും, പൊതുമാപ്പ് അവസാനിച്ച ശേഷം ഇത്തരം നിയമലംഘകർക്ക് നാട് കടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും ICP വ്യക്തമാക്കിയിട്ടുണ്ട്
ഈ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത പരിശോധനകൾ ആരംഭിക്കുമെന്നും ICP അറിയിച്ചിട്ടുണ്ട്.